ഒരു വർഷത്തിനിടെ നൽകിയത് 17.66 കോടി രൂപ


കന്നുകാലികൾക്ക് ജീവഹാനി സംഭവിക്കുന്നതുമൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന കഷ്ട-നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് കൂടി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുംവിധത്തിലാണ് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷൂറൻസ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. പദ്ധതിപ്രകാരം ഉരുക്കളുടെ മരണം/ ഉൽപാദന-പ്രത്യുൽപാദനക്ഷമതാ നഷ്ടം എന്നിവ സംഭവിച്ചാൽ ഇൻഷൂർ ചെയ്യുന്ന മതിപ്പുവില ക്ലെയിം ആയി കർഷകന് ലഭിക്കും. കന്നുകാലികൾക്കുളള പദ്ധതി ആരംഭിച്ച് ഒരു വർഷത്തിന് ശേഷം 2018-2019ലാണ് കർഷകനെയും ഉൾപ്പെടുത്തിയുള്ള ഇൻഷൂറൻസ് പരിരക്ഷ നടപ്പാക്കിയത്. ഗോസമൃദ്ധിയിൽ അംഗമായ കർഷകന് അപകടമരണമോ, പൂർണ്ണമോ/ഭാഗികമോ ആയി അംഗവൈകല്യമോ സംഭവിച്ചാൽ പരമാവധി രണ്ട് ലക്ഷംരൂപ വരെ ക്ലെയിം ആയി നൽകുന്നു. മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി കർഷകർക്ക് ആശ്വാസപ്രദവും കുറഞ്ഞ പ്രീമിയം നിരക്കുള്ളതുമാണ്.

2022-2023 സാമ്പത്തിക വർഷത്തിൽ ഗോസമൃദ്ധി പദ്ധതിയുടെ ബജറ്റ് വിഹിതം 5 കോടി രൂപയിൽ നിന്നും 6 കോടി രൂപയായി സംസ്ഥാന സർക്കാർ വിപുലീകരിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 3567 പേർക്ക് ആകെ 17.66 കോടി രൂപ (17,66,72 500/രൂപ) ക്ളെയിം ആയി നൽകി കഴിഞ്ഞു. കോവിഡ് 19 സ്പെഷ്യൽ പാക്കേജിന്റെ ഭാഗമായി ക്ഷീരസംഘം ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പ്രീമിയം തുകയുടെ ഒരു ഭാഗം സർക്കാരാണ് വഹിക്കുന്നത്. പദ്ധതിയിൽ 52,847 വ്യക്തികളെ അംഗങ്ങളാക്കാനും 34,710 ഉരുക്കളെ ഇൻഷുർ ചെയ്യുന്നതിനും സാധിച്ചുവെന്നത് വലിയ നേട്ടമാണ്. കേന്ദ്രസർക്കാരിന്റെ എൽ.എൽ.എം പദ്ധതിയുമായി ചേർന്നാണ് സംസ്ഥാനത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഗോസമൃദ്ധി സമഗ്ര കന്നുകാലി ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുന്നത്.

ക്ഷീരകർഷകരെയും അവരുടെ കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഉൾപ്പെടുത്തി മെഡിക്കൽ പരിരക്ഷ ഉറപ്പാക്കി ക്ഷീരസാന്ത്വനം സമഗ്ര ഇൻഷ്വറൻസ് പദ്ധതി സർക്കാർ ധനസഹായത്തോടെ ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത കന്നുകാലികൾക്ക് ജീവഹാനി സംഭവിച്ചാൽ മൃഗസംരക്ഷണ വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ ദുരന്ത നിവാരണത്തിനായി വകയിരുത്തിയ കണ്ടിജൻസി ഫണ്ടിൽ നിന്നാണ് കർഷകർക്ക് നഷ്ടപരിഹാര നൽകുന്നത്. മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നൽകിയ കന്നുകാലികൾ ചത്തുപോയതിന്റെയും പാൽ ശുഷ്‌കമായതിന്റെയും ഫലമായി കടക്കെണിയിലാവുകയും ചെയ്യുന്നവരുണ്ട്. ജപ്തി നടപടികൾ അഭിമുഖീകരിക്കാതെ ഇവരെ സഹായിക്കാൻ പദ്ധതി ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.