ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നു കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം   രൂപാല ഉറപ്പു നൽകിയതായും അദ്ദേഹം അറിയിച്ചു. സമുദ്രമത്സ്യബന്ധനത്തെ സംബന്ധിച്ചുള്ള ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് മുന്നോടിയായി കേരള സർക്കാർ കേന്ദ്രത്തിനയച്ച കത്തിനുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് കേരളം നൽകിയത്.
ജനീവയിൽ നടക്കാനിരിക്കുന്ന ലോക വ്യാപാര സംഘടനയുടെ (WTO) പന്ത്രണ്ടാമത് മന്ത്രിതല യോഗത്തിന്റെ കരടുരൂപരേഖയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളടങ്ങിയതിനെ തുടർന്നാണ് കേരളം കേന്ദ്രസർക്കാരിനെ ആശങ്ക അറിയിച്ചത്. പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് സർക്കാരുകൾ നൽകുന്ന സബ്‌സിഡി, സാമ്പത്തിക ആനുകൂല്യങ്ങളിൽ കുറവ് വരുത്താനുള്ള നിർദേശങ്ങൾ കേരളത്തിന്റേതുൾപ്പെടെയുള്ള മത്സ്യബന്ധനമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. വൻകിടരാഷ്ട്രങ്ങളുടെ വലിയ രീതിയിലുള്ള യന്ത്രവത്കൃതമത്സ്യബന്ധനത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു പകരം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ എതിർക്കണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാനായി മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വിദഗ്ധരുടേയും യോഗം ചേരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പരമ്പരാഗത, ചെറുകിട മത്സ്യബന്ധനത്തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ  കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.