കോട്ടയം മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ നിരീക്ഷണത്തിലുള്ള രൺദീപിന്റെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോൾ വഴി റൺദീപുമായും കരൾ പകുത്ത് നൽകിയ സഹോദരി ദീപ്തിയുമായും മന്ത്രി സംസാരിച്ചു. മന്ത്രി ഡോക്ടർമാരുമായി ആശയവിനിമയം നടത്തുകയും ഇരുവരുടേയും ആരോഗ്യനില ചർച്ചചെയ്യുകയും ചെയ്തു. നിരീക്ഷണത്തിൽ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാനായി 75 ലക്ഷം രൂപ അനുവദിക്കാമെന്ന് മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് മിറിയം വർക്കി, സൂപ്രണ്ട് ഡോ. ജയകുമാർ, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധു എന്നിവർ ഒപ്പമുണ്ടായിരുന്നു.