ജനകീയാസൂത്രണത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടണമെന്ന് എന്റെ കേരളം സെമിനാര്‍ ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിന്റെ
വിവിധമേഖലകളെ പുതിയൊരു വീക്ഷണത്തിലൂടെ അവതരിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ നേട്ടങ്ങള്‍ എന്നതായിരുന്നു വിഷയം. ജനകീയാസൂത്രണത്തില്‍ കേരളം മികച്ച മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.

ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെയാണ് ആശയങ്ങളും അഭിപ്രായങ്ങളും താഴെത്തട്ടില്‍ നിന്നും വരാന്‍ തീരുമാനമായത്. കണ്ണൂര്‍ കല്യാശ്ശേരിയില്‍ തുടങ്ങിയ ജനകീയാസൂത്രണ പ്രക്രിയ വ്യാപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി. ഭരണഘടനയിലെ 73 74 ഭേദഗതി കേരള സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വരുത്തുകയും അധികാരം താഴെ തട്ടിലേക്ക് വ്യാപിക്കുകയായിരുന്നു ലക്ഷ്യം. ആവാസവ്യവസ്ഥയുടെ അറിവ് ജനകീയമായത് ജനകീയാസൂത്രണത്തിലൂടെയാണ്. ജനകീയാസൂത്രണത്തിന്റെ നേട്ടങ്ങള്‍ ഓരോന്നും സെമിനാര്‍ ചര്‍ച്ചചെയ്തു. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിലും കേരളം ഇന്ന്് മുന്നിലാണ്. കൃഷി വികസനം, സ്ത്രീ ശാക്തീകരണം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നില്‍ നില്‍ക്കുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ കുടുംബശ്രീയും കേരളത്തിന്റെ മുന്നേറ്റമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണവും വികസന പ്രക്രിയകളുടെ ഭാഗമാണെന്ന് സെമിനാര്‍ വിലയിരുത്തി.
നീര്‍ത്തടാധിഷ്ഠിത വികസനത്തിന്റെ പ്രാധാന്യം സെമിനാര്‍ ചര്‍ച്ച ചെയ്തു. ഉല്‍പ്പാദന പ്രക്രിയയിലെ ബന്ധങ്ങള്‍ രൂപപ്പെട്ടത് മുതല്‍ ഗ്രാമങ്ങള്‍ ഉത്ഭവിക്കുകയും അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ കൂടിയ ഗ്രാമ പഞ്ചായത്താവുകയും ചെയ്തു. ഗ്രാമ മുന്നേറ്റങ്ങളുടെ നാള്‍വഴിയും സെമിനാറില്‍ ചര്‍ച്ചാ വിഷയമായി. പഞ്ചായത്ത് പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് അദ്ധ്യക്ഷത വഹിച്ചു. കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി വി.കെ സുരേഷ് ബാബു സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. എ.ഡി.സി ജനറല്‍ ഇ.കെ വിനോദ് കുമാര്‍, എല്‍.ഐ.ഡി ആന്റ് ഇ. ഡബ്ല്യു എക്‌സികുട്ടീവ് എഞ്ചിനീയര്‍ സി.ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി രാധാകൃഷ്ണന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ജി.എസ് .ലേഖ തുടങ്ങിയവര്‍ സംസാരിച്ചു.