ജില്ലാതല റവന്യൂ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരവിതരണം ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. 11 വർഷത്തിന് ശേഷമാണ് റവന്യൂ കലോത്സവം വീണ്ടും നടക്കുന്നതെന്നും മെയ് 14ന് തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ജീവനക്കാർക്ക് സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ഇത്തരം കലോത്സവങ്ങൾ ജീവനക്കാരുടെ സമ്മർദ്ദം കുറയ്ക്കാനും ടീം സ്പിരിറ്റോട് കൂടി ജോലി ചെയ്യാനും സഹായിക്കും. മത സൗഹാർദ്ദത്തിന്റെ വേദി കൂടിയാണ് കലോത്സവങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കായിക മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വനിതാ ജീവനക്കാരെയും മത്സരങ്ങൾ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ച റിക്രീയേഷൻ ടീമിനെയും
കളക്ടർ ഡോ.നവ്ജ്യോത് ഖോസ പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനതല മത്സരങ്ങളിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടെയന്നും കളക്ടർ ആശംസിച്ചു.

25 ഓളം കലാമത്സരങ്ങളിലും പതിമൂന്ന് കായിക ഇനങ്ങളിലുമായി 377 ജീവനക്കാരാണ് കലോത്സവത്തിൽ പങ്കെടുത്തത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ എം.എസ് മാധവികുട്ടി, എ.ഡി.എം ഇ. മുഹമ്മദ്‌ സഫീർ, ഡെപ്യൂട്ടി കളക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.