പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത പരമ്പരാഗത മരുന്നുകളെ പരിചയപ്പെടുത്തുകയാണ് അങ്ങാടി മരുന്നു പെട്ടിയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്. എന്റെ കേരളം സ്റ്റാളില്‍ സജ്ജീകരിച്ച അങ്ങാടിമരുന്നു പെട്ടിയില്‍ ഒരു കാലഘട്ടത്തിന്റെ വൈദ്യ പാരമ്പര്യത്തെ കാണാം.അറുപത്തിയഞ്ചോളം അങ്ങാടിമരുന്നു കളുടെ വിപുലമായ ശേഖരത്തില്‍ ഓരോന്നിന്റെയും പേരും ഔഷധ പ്രാധാന്യവും വിവരിച്ചിട്ടുണ്ട്.

പ്രവാളം, ശംഖ്, ഓമം, കടല്‍ നാക്ക്, അഞ്ജനം, കാര്‍ക്കോ കിലിരി, ചുന്നാ മുക്കി, വാല്‍ മുളക്, തഴുതാമ, താതിരിപൂ തുടങ്ങി അപൂര്‍വമായ വിവിധ ഔഷധക്കൂട്ടകളാണ് ഇവിടെയുള്ളത്. പ്രകൃതിയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ മരുന്നുകളുടെ കലവറ കാണാന്‍ നിരവധി സന്ദര്‍ശകര്‍ ദിവസവും എത്തുന്നുണ്ട്. ശാരീരിക താപ നിലയെ ക്രമീകരിച്ച് ഊര്‍ജം പ്രദാനം ചെയ്യുന്ന ഔഷധക്കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കിയ ദ്രാക്ഷാദി പാനകം എന്ന പാനീയം ദിവസവും 250 പേര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.പൈല്‍സ്, ഫിസ്‌ററുല തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്ന ക്ഷാരം,സൂത്രം ആയുര്‍വേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അട്ടയെയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് ആയുര്‍വേദ വകുപ്പ് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും വിതരണം ചെയ്യുന്നു. .കുരങ്ങുപനിയെ പ്രതിരോധിക്കാനുള്ള ആയുര്‍വേദ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ബോധവത്കരണവും ആയുര്‍വേദ സ്‌പെഷ്യല്‍ ഒ.പി ഏതൊക്കെ സ്ഥാപനങ്ങളില്‍ ലഭിക്കും എന്ന വിവരണവും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്