കനകവല്ലി ടീച്ചറും നഫീസ ടീച്ചറും തിരക്കിലാണ്. എന്റെ കേരളം പ്രദര്‍ശന മേള തുടങ്ങിയത് മുതല്‍ ഇവിടെയുള്ള സ്മാർട്ട് അങ്കണവാടിയിലെ അധ്യാപക ജോലി ഇവര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. വെറും അങ്കണവാടിയല്ല. കാലത്തിനൊപ്പം മുഖം മിനുക്കിയ സര്‍ക്കാരിന്റെ പുതിയ അങ്കണവാടിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു അങ്കണവാടി സന്ദര്‍ശിച്ച പ്രതീതി തന്നെയാണ് ഇവര്‍ നല്‍കുക. കുരുന്നുകളുടെ ബുദ്ധി വികാസത്തിനും ഉല്ലാസത്തിനുമുള്ള നൂതനമായ കളിക്കോപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 3 മുതല്‍ 6 വയസ്സുള്ള കുട്ടികള്‍ക്കുള്ള പ്രീ സ്കൂള്‍, 6 മാസം മുതല്‍ മൂന്ന് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി നല്കുന്ന സമ്പൂര്‍ണ്ണ പോഷകാഹാരമായ അമൃതം പൊടി കൊണ്ടുള്ള വൈവിധ്യങ്ങളായ രുചി കൂട്ടുകള്‍ എന്നിവയെല്ലാം ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. അമൃതം പൊടി കൊണ്ടുള്ള ഉപ്പുമാവ്, ന്യൂട്ടിറി മിക്സ് പാലട, കേക്ക്, ബിസ്ക്കറ്റ്, പക്കാവട, അമൃതം ലഡു, നുറുക്കുകള്‍, പുട്ട്, പിഞ്ഞാണപ്പം എന്നിങ്ങനെ നീളുന്നു അമൃതം പൊടി കൊണ്ടുള്ള വിഭവങ്ങള്‍. അങ്കണവാടി ടീച്ചര്മാര് തന്നെയാണ് വിഭവങ്ങള്‍ ഉണ്ടാക്കിയത്. പാഴവസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച കരകൗശലവസ്തുക്കളും ഇവിടെയുണ്ട്. 6 മാസം മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണിമാര്‍ക്കും പോഷകാഹാരം നല്‍കേണ്ട ആവശ്യകതയെ പറ്റിയും അനിമീയ രോഗത്തിനെതിരെ പോസ്റ്ററുകളിലൂടെ ചെറു വിവരണവും ടീച്ചര്മാര് നല്‍കുന്നുണ്ട്. കല്‍പ്പറ്റയിലെ കനകവല്ലി പുല്‍പ്പാറ 113-ാംനമ്പര്‍ അങ്കണവാടിലും നഫീസ എടക്കുനി 112-ാം അങ്കണവാടിയിലും ടീച്ചറാണ്. ഐ.സി ഡി .എസ് സേവനങ്ങളും ലക്ഷ്യങ്ങളും, മുലയൂട്ടുന്നതിന്റെ പ്രാധാന്യം, ശിശു വികസനത്തിന്റെ മേഖലകള്‍ എന്നിവ ഉള്‍കൊള്ളിച്ച വിവിധ തരം ചാര്‍ട്ടുകളും പ്രദര്‍ശനത്തിനുണ്ട്. മേള സന്ദർശിക്കുന്ന കുരുന്നുകളുടെയും അമ്മമാരുടെയും ആകർഷക സ്റ്റാളിൽ ഒന്നായി അങ്കണവാടിയും ഇടം പിടിക്കുകയായിരുന്നു.
