എൻ്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ കല്‍പ്പറ്റ ബ്ലോക്ക് ഒരുക്കിയ ഇന്ദ്രനിശാക കൃഷി സ്റ്റാള്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ദേയമാകുന്നു. പുരാതന കൃഷിരീതിയുടെയും കൃഷിയിലെ നൂതന സാങ്കേതിക വിദ്യയുടെയും ആവിഷ്‌ക്കാരങ്ങളാണ് ഇന്ദ്രനിശാകയില്‍ കാണാന്‍ കഴിയുക. മണ്ണിനെ ഒഴിവാക്കി വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന രീതിയായ ഹൈഡ്രോപോണിക്‌സാണ് ഇന്ദ്രനിശാകയിലെ പ്രധാന ആകര്‍ഷണം. പി.വി.സി പൈപ്പിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളത്തില്‍ ചാര്‍ക്കോള്‍ നിറച്ച ചെറിയ പാത്രം ഇറക്കി വെക്കുകയും അതില്‍ തൈ അല്ലെങ്കില്‍ വിത്ത് നട്ട് കൃഷി ചെയ്യുന്ന രീതിയാണിത്. പോഷകങ്ങള്‍ കലര്‍ത്തിയ വെളളമാണ് ഇതിന് ഉപയോഗിക്കുന്നത്. സാധാരണയായി കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികളാണ് ഹൈഡ്രോപോണിക്‌സ് രീതിയിലൂടെ കൃഷി ചെയ്യുന്നത്. ട്രേയില്‍ ടിഷ്യു പേപ്പര്‍ വിരിച്ച് അതില്‍ വിത്തുകള്‍ ഇട്ട് കൃഷി ചെയ്യുന്ന രീതിയായ മൈക്രോ ഗ്രീന്‍സ് ,വീടുകളുടെ ടെറസ്സുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ചെയ്യാന്‍ കഴിയുന്ന കൃഷി രീതിയായ വെര്‍ട്ടിക്കല്‍ ഫാർമിംഗ് എന്നിവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കാനുള്ള സൗകര്യവും ഇന്ദ്രനിശാകയില്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ ജില്ലയിലെ പാരമ്പര്യ കിഴങ്ങ് വിള കര്‍ഷകന്‍ മാനുവലിന്റെ ശേഖരത്തിലുള്ള കിഴങ്ങുകളും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകത മനസിലാക്കി തരുന്ന പോഷകാഹാര ഭക്ഷണത്തളികയും ഇന്ദ്രനിശാകയുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കുകയാണ്.തവിട് കലര്‍ന്ന അരി, പയറ് വര്‍ഗങ്ങള്‍, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവയാണ് പോഷകാഹാര ഭക്ഷണത്തളികയിലെ വിഭവങ്ങള്‍. ധാന്യമണികള്‍ കൊണ്ട് ഉണ്ടാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ചിഹ്നവും ഇന്ദ്രനിശാകയിലെ വേറിട്ട കാഴ്ച്ചയാണ്. മാറുന്ന കാലത്തിനു സരിച്ച് കൃഷിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തുറന്നു കാട്ടുകയാണ് ഇന്ദ്രനിശാക.
