ഏകാരോഗ്യ സംവിധാനത്തിന്റെയും രോഗപ്രതിരോധശേഷിയുടെയും പുത്തന്‍ അറിവുകള്‍ പങ്കുവെച്ച് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും സംയുക്തമായി നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. വൈവിധ്യമായതും കാലിക പ്രസക്തവുമായ സെമിനാര്‍ വിഷയ സമ്പന്നത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും സെമിനാര്‍ വേറിട്ടു നിന്നു. വെറ്ററിനറി സര്‍വകലാശാല ഗവേഷണ മേധാവി ഡോ. സി. ലത സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.കെ ബേബി അധ്യക്ഷത വഹിച്ചു. ഏകാരോഗ്യം ,ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. വി.കെ വിനോദ് ക്ലാസെടുത്തു. മൃഗങ്ങളെ ബാധിക്കുന്ന വിവിധ തരത്തിലുള്ള രോഗങ്ങളുടെ പ്രതിരോധത്തില്‍ ഏകാരോഗ്യ സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു. കോവിഡ് മഹാമാരി ഏകാരോഗ്യ ആശയത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും മൃഗങ്ങളിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ശരിയായ രീതിയില്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രധാനപ്പെട്ട ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ഡോ.കെ ആശ ക്ലാസെടുത്തു.സമീപകാലത്തായി മനുഷ്യരാശിയെ ബാധിച്ച ജന്തുജന്യ രോഗങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ട മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായിരുന്നു. കോവിഡാനന്തര കാലത്ത് വളര്‍ത്തു മൃഗങ്ങളുടെ പരിപാലനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും സെമിനാറില്‍ പങ്കുവെച്ചു. ഗുണനിലവാരമുള്ള പാലുത്പാദനത്തെക്കുറിച്ച് ഡോ. എ കവിത ക്ലാസെടുത്തു. ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പ് വരുത്തിയുള്ള പാലും പാലുത്പാദനങ്ങളും ഉപഭോക്താക്കളുടെ അവകാശമാണ്. ഡോ. പി. എം ദീപ സെമിനാറില്‍ മോഡറേറ്ററായിരുന്നു.മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍ രാജേഷ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി ,മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡോ.എ.വി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.