പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡും എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള  പിസ്റ്റൽ വിതരണവും മെയ് 21ന് തൃശൂർ എക്‌സൈസ് അക്കാദമിയിൽ നടക്കും. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കും.
എട്ടാമത് ബാച്ചിലെ 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരും 25മത് ബാച്ചിലെ 7 സിവിൽ എക്‌സൈസ് ഓഫീസർമാരും സേനയുടെ ഭാഗമാകും. എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള 60 പിസ്റ്റലുകളുടെ വിതരണവും മന്ത്രി നിർവഹിക്കും. മദ്യ-മയക്കുമരുന്ന് മാഫിയകളിൽ നിന്നുള്ള വെല്ലുവിളി നേരിടുന്നതിന് എക്‌സൈസ് വകുപ്പിനെ പൂർണമായും സജ്ജമാക്കുന്നതിൻറെയും ആധുനിക വത്കരിക്കുന്നതിൻറെയും ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.

എക്‌സൈസ് വകുപ്പിലെ എൻഫോഴ്‌സ്‌മെൻറ് ചുമതലയുള്ള അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് 110 പിസ്റ്റലുകളും 94 റിവോൾവറുകളും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. ഇനിയും ആയുധം ലഭിച്ചിട്ടില്ലാത്ത എൻഫോഴ്‌സ്‌മെന്റ് ചുമതലയുള്ള അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, എക്‌സൈസ് ഇൻസ്‌പെക്ടർ എന്നിവർക്കാകും അയുധങ്ങൾ വിതരണം ചെയ്യുന്നത്. 2021-22 വർഷ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപയ്ക്കാണ് 60 എണ്ണം 9 എം എം ഓട്ടോ പിസ്റ്റലുകൾ വാങ്ങിയത്.