ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാന്‍ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനത്തോടെ ആരോഗ്യവകുപ്പ് സെമിനാര്‍ ശ്രദ്ധേയമായി. എന്റെ കേരളം സെമിനാര്‍ വേദിയില്‍ വന്‍ ജന പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ജീവന്‍ രക്ഷാ മാര്‍്ഗ്ഗങ്ങളും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ജില്ലാ ആശുപത്രി അനസെത്റ്റിസ്റ്റ് ഡോ. മുനീഷ് വിഷയാവതരണം നടത്തി. പഥമ ശ്രുശൂഷ സാഹചര്യങ്ങള്‍ ,എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് സെമിനാര്‍ ചര്‍ച്ച ചെയ്തു.

അപകടകരമായ സാഹചര്യങ്ങളായ അനിയന്ത്രിതമായി രക്തസ്രാവം, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുക, തീ പൊളളലേല്‍ക്കുക, വെള്ളത്തില്‍ വീണാലുണ്ടാകുന്ന അപകടങ്ങള്‍, അപസ്മാരം, റോഡപകടങ്ങള്‍, പാമ്പ് കടിയേല്‍ക്കുക തുടങ്ങിയവയില്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടതിനെക്കുറിച്ചും വിശദമായ വിവരണമുണ്ടായി. അടിയന്തര ഘട്ടങ്ങളില്‍ സി.പി ആര്‍ നല്‍കേണ്ട ആവശ്യകത, എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെയും ക്ലാസ്സുകള്‍ക്ക് പുറമേ പ്രാക്ടിക്കല്‍ സെഷനുകള്‍ക്ക് കൂടി ഉള്‍പ്പെടുത്തിയിരുന്നു.

സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയവരെ ഗ്രൂപ്പുകളായി തിരിച്ച് 10 കൗണ്ടറുകളിലായി പ്രഥമ ശുശ്രൂഷയുടെ പ്രായോഗിക പരിശീലനങ്ങള്‍ വിശദീകരിച്ചത്. ഡമ്മി ഉപയോഗിച്ച് സി.പി ആര്‍ നല്‍കാന്‍ പരിശീലനം നല്‍കിയത് സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് പുതിയ അനുഭവമായി. വീടുകള്‍, പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി അപകടങ്ങള്‍ സംഭവിക്കുന്നിടങ്ങളില്‍ ചുറ്റുമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രഥമ ശുശ്രൂഷ നല്‍കാനുള്ള ശാസ്ത്രീയ അവബോധം നല്‍കാന്‍ സെമിനാറിന് കഴിഞ്ഞു. അപകടകരമായ സാഹചര്യങ്ങളില്‍ ചുറ്റും നില്‍ക്കുന്നവര്‍ക്ക് ആത്മവിശ്വാസമാണ് വേണ്ടത് എന്ന് സെമിനാര്‍ ഓര്‍മ്മപ്പെടുത്തി. ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍, മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.കെ.ചന്ദ്രശേഖരന്‍, ജില്ലാ ആശ കോര്‍ഡിനേറ്റര്‍ സജേഷ് ഏലിയാസ്, എന്‍,എച്ച്.എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കെ.എസ്.നിജില്‍ തുടങ്ങിയവര്‍ സംസാരിച്ചു.