പിണറായി വിജയന്‍ സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന കേരള മോഡല്‍ നാട്ടിലാകെ വരുത്തിയ വികസന കാഴ്ച്ചകളുടെ നേരനുഭവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പ്രദര്‍ശന നഗരിയില്‍ കിഫ് ബി തയ്യാറാക്കിയിട്ടുള്ള സ്റ്റാള്‍. വികസന കാഴ്ച്ചപ്പാടുകളെ കൃത്യതയോടെ യഥാര്‍ത്ഥ്യമാക്കുമ്പോള്‍ ഒരു നാടിനാകെ ഉണ്ടായിട്ടുള്ള മാറ്റം കണ്ടറിഞ്ഞാണ് കിഫ് ബിയുടെ പ്രദര്‍ശന സ്റ്റാളിലെത്തുന്നവര്‍ തിരികെ മടങ്ങുന്നത്.
കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സുഗമമായി നടപ്പാക്കുന്നതില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പങ്ക് ജനങ്ങള്‍ക്ക് നേരിട്ട് പരിചയപ്പെടാന്‍ കിഫ്ബിയുടെ സ്റ്റാളിലൂടെ അവസരമുണ്ട്. കേരള മോഡലിന്റെ ഭാഗമായി ജില്ലയില്‍ നടന്നു വരുന്ന കിഫ്ബി പ്രൊജക്ടുകളുടെ വിവരങ്ങള്‍ സ്റ്റാളിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള ഭീമന്‍ എല്‍ ഇ ഡി വീഡിയോ വാളിലൂടെ പൊതുജനങ്ങള്‍ക്ക് നേരിട്ടറിയാനാകും. നിര്‍മ്മാണ തുക, നിര്‍മ്മാണ സ്ഥലം, പദ്ധതിയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങളൊക്കെയും വീഡിയോ വാളിലൂടെ കണ്ട് പൊതുജനങ്ങള്‍ക്ക് വിലയിരുത്താം.

കേരളത്തിന്റെ വികസന കുതിപ്പിന് കരുത്താകുന്ന കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ട്രാന്‍സ് ഗ്രിഡ് പ്രൊജക്ട്, എറണാകുളം ജനറല്‍ ആശുപത്രി, ഇടുക്കിയുടെ ആരോഗ്യ രംഗത്തിന് കരുത്താകുന്ന നെടുങ്കണ്ടം ജനറല്‍ ആശുപത്രി തുടങ്ങിയവയുടെ ഫിസിക്കല്‍ മോഡലുകള്‍ കണ്ടു മടങ്ങാനുള്ള അവസരവും കിഫ്ബി സ്റ്റാളിലൂടെ ഒരുക്കിയിട്ടുണ്ട്. ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് കിഫ്ബി സ്റ്റാളിലെ മറ്റൊരാകര്‍ഷണം. അവരവരുടെ നാട്ടില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന പദ്ധതികളുടെ വിവരങ്ങള്‍ വെബ് പേജ് വഴി സാധാരണക്കാര്‍ക്കും കണ്ടറിയാന്‍ ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി സാധിക്കും. കിഫ് ബി ഫണ്ടിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതും നിര്‍മ്മാണം നടക്കാനിരിക്കുന്നതുമായ വിവിധ നിര്‍മ്മിതികളുടെ ത്രിഡി കാഴ്ച്ചാനുഭവം കിഫ്ബി സ്റ്റാളില്‍ വ്യത്യസ്തത തീര്‍ക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റി കോര്‍ണറും ത്രിഡി വീഡിയോ മോഡലും നിശ്ചല ത്രിഡി മോഡലുമൊക്കെ വെര്‍ച്വല്‍ റിയാലിറ്റി ഗ്ലാസുപയോഗിച്ച് കണ്ടാസ്വദിക്കാം.

ഇതിനോടകം കിഫ് ബിയുടെ പ്രദര്‍ശന സ്റ്റാളില്‍ ഇതിന് വലിയ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഭാവി പദ്ധതികളെ അനുഭവിച്ചറിഞ്ഞാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്. കിഫ്ബി സീനിയര്‍ കണ്‍സള്‍ട്ടന്റ് വര്‍ഗ്ഗീസ് ലൂക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിഫ് ബിയുടെ പ്രദര്‍ശന സ്റ്റാള്‍ കാഴ്ച്ചകാര്‍ക്ക് ആസ്വാദ്യകരമാം വിധം ക്രമീകരിച്ച് നല്‍കുന്നത്.