കൂട്ടത്തില്‍ കൂടുവാന്‍ അവന് വളരെ ഇഷ്ടമാണ്. പക്ഷേ ആരോഗ്യം പലപ്പോഴും അവനെ അതിന് അനുവദിക്കാറില്ല. എന്നിട്ടും അവനെത്തി, എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍…മേളയുടെ നാലാംദിനമായ ഇന്നലെ രാവിലെയാണ് 12 വയസുള്ള ഏബല്‍. ജി. ഡോന്‍സി വീല്‍ചെയറില്‍ ഇരുന്ന് കൊണ്ട് ജില്ലാ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്. കണ്ടിട്ടില്ലാത്ത കൂട്ടുകാരുമൊത്ത് പാട്ടുപാടിയും അവരുടെ പാട്ടിന് താളം പിടിച്ചും ഏബല്‍ ആഘോഷത്തിമിര്‍പ്പില്‍ ആറാടുകയായിരുന്നു. എസ്പിസികാര്‍ക്കൊപ്പവും ഇംഗ്ലീഷ് അക്ഷരമാല ഗാനം ഈണത്തില്‍ പാടിയ വനിതാ ശിശുവികസന വകുപ്പ് ജീവനക്കാര്‍ക്കൊപ്പവും കൂട്ടുകൂടിയ അവന്‍ ആ നിമിഷങ്ങള്‍ക്ക് വര്‍ണംചാര്‍ത്തിയപ്പോള്‍ അത് അവിസ്മരണീയ സന്ദര്‍ഭമായിമാറി.

മാതാപിതാക്കളായ ഡോന്‍സി വര്‍ഗീസും സിബി ഡാനിയേലും ഏബലിന്റെ ഏക സഹോദരി ഏയ്ഞ്ചലും ഒപ്പമുണ്ടായിരുന്നു. ദൃശ്യ മാധ്യമത്തിലെ ചില കോമഡി സീരിയലുകള്‍ കാണാന്‍ ഇഷ്ടമാണെന്ന് അധ്യാപികയായ അമ്മ സിബി. ഇത്തരം ആഘോഷങ്ങളില്‍ മകനെ കൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ട്. അതേസമയം ഈ കുട്ടികളെ സുരക്ഷിതരായി കൊണ്ടുപോകാന്‍ ആവശ്യമായ ബെല്‍റ്റോടു കൂടിയ വീല്‍ചെയറിന്റെ അഭാവം ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നതായും സിബി പറഞ്ഞു.