രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ തല്‍സമയ സേവനങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിവിധ വകുപ്പുകളാണ് ജനഹിതമറിഞ്ഞ് ജനങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ തല്‍സമയം സ്റ്റാളുകളില്‍ സൗജന്യമായി ഒരുക്കിയിരിക്കുന്നത്.
മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍വെഹിക്കിള്‍, ബി എസ് എന്‍ എല്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ്, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസനകോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ സ്റ്റാളുകളില്‍ സേവനം തേടിയെത്തുവരുടെ തിരക്ക് വര്‍ധിക്കുകയാണ്.

അക്ഷയ സേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചും, 15 ഉം വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. ഐ ടി മിഷന്റെ വിവിധ പ്രൊജക്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, സര്‍ക്കാരിന്റെ സൗജന്യ വൈ ഫൈ കണക്ഷനെ പറ്റിയുള്ള വിവരങ്ങള്‍, അക്ഷയയിലൂടെ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. റേഷന്‍കാര്‍ഡ് സംബന്ധമായ സേവനങ്ങളും ഇവിടെ ലഭിക്കുന്നുവെന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണനവും പൊടിപൊടിക്കുകയാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. ഇന്‍ക്യുബേറ്ററിന്റെ പ്രവര്‍ത്തനവും നേരിട്ട് മനസിലാക്കാനാവും. പ്രധാന പവലിയനു പുറത്തായി ഒരുക്കിയിരിക്കുന്ന കൃത്രിമ തടാകത്തില്‍ വിവിധ ഇനത്തിലുള്ള താറാവുകളുടെ പ്രദര്‍ശനമാണുള്ളത്. വിഗോവ സൂപ്പര്‍ എം, ചാര, ചെമ്പല്ലി, സ്‌നോ വൈറ്റ് എന്നീ ഇനങ്ങളിലുള്ള താറാവുകളുടെ വിപണനവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. താറാവിനേയും കുഞ്ഞുങ്ങളേയും വാങ്ങാനായി ആളുകള്‍ മേളയിലേക്കൊഴുകുകയാണ്.

ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. രോഹൂ, സീബ്രാ, നാടന്‍ പരല്‍, ഗോള്‍ഡ് ഫിഷ്, ക്യാറ്റ് ഫിഷ് എന്നിവയുടെ പ്രദര്‍ശനവും ഗപ്പി, ഗൗരാമി, ഗോള്‍ഡ് ഫിഷ്, എന്നിവയുടെ വില്പനയും ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടക്കുന്നു.
വേഗതകുറക്കൂ അപകടം ഒഴിവാക്കൂ എന്ന മുദ്രാവാക്യവുമായി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കൂടി മത്സരത്തിന്റെ ഭാഗമായതോടെ ജില്ല ഒന്നടങ്കം ഇത് ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. എംവിഡിക്കൊപ്പം സെല്‍ഫി മത്സരവും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.  മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഒരുക്കിയ ഉത്തരം പറയൂ, ഹെല്‍മെറ്റ് നേടൂ എന്ന മത്സരവും ജനപ്രിയമായി കഴിഞ്ഞു.

ബിഎസ്എന്‍എല്ലിന്റെ നൂതന ടെക്നോളജിയായ ഫൈബര്‍ ടു ദി ഹോം ജനങ്ങളിലേക്ക് എത്തിക്കുയെന്ന ഉദ്ദേശ്യത്തോടെയാണ് ബിഎസ്എന്‍എല്ലിന്റെ സ്റ്റാള്‍ മേളയുടെ ഭാഗമായിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി സിം ഒരാഴ്ചത്തെ വാലിഡിറ്റിയോട് കൂടി ലഭ്യമാക്കുന്നുണ്ട്. രജിസ്ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാരങ്ങള്‍ സ്വയം തയ്യാറാക്കല്‍ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം, സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരമുളള ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും രജിസ്ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്.
വിവിധ തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണവും എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശവും സ്വയം തൊഴില്‍ ചെയ്യാനുള്ള സഹായം എംപ്ലോയിമെന്റ് സര്‍വീസ് വഴി ലഭ്യമാകുന്ന ലോണുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നീ സേവനങ്ങളുമായി സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എംപ്ലോയിമെന്റ് സര്‍വിസിന്റെ സ്റ്റാളും ജനശ്രദ്ധ നേടിയിരിക്കുകയാണ്.

കെഎസ്ഇബിയുടെ സ്റ്റാളില്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളെ കുറിച്ചും സോളാര്‍ എനര്‍ജിയെ കുറിച്ചുമുള്ള ബോധവത്ക്കരണവും അതിനാവശ്യമായ സഹായങ്ങളും നല്‍കുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മേളയിലെത്തുന്നവര്‍ക്ക് അവളിടം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഭരണ നിര്‍മാണ പരിശീലനവും തൊഴില്‍ അവസരങ്ങളെപ്പറ്റിയുള്ള അവബോധവും നല്‍കുന്നു.മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാളിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗും വനിതകള്‍ക്കുള്ള ലീഗല്‍ കൗണ്‍സിലിംഗുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്റ്റാള്‍ മേളയില്‍ ഇടം നേടിയിരിക്കുകയാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, ബൂത്ത് മാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്റ്റാളിലേക്ക് സന്ദര്‍ശകരുടെ തിരക്കാണ്. ഹരിത കേരള മിഷനും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി നടത്തുന്ന മേളയിലെ സ്റ്റാളില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നത്തിന്റെയും പേപ്പര്‍ പേന, പേപ്പര്‍ സ്ട്രോ, തുണികൊണ്ട് നിര്‍മ്മിച്ച സഞ്ചി, തുണി ഉപയോഗിച്ചു നിര്‍മ്മിച്ച പഴ്സ് എന്നിവയുടെ വില്പനയും തകര്‍ക്കുകയാണ്. അമ്പെയ്ത്ത്, സോഫ്റ്റ്‌ബോള്‍, ഹോക്കി ഫെന്‍സിങ്, കളരിപ്പയറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു നല്‍കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റാളും മേളയില്‍ സജീവമായിരിക്കുകയാണ്.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസം, സ്വയം തൊഴില്‍, വീട്, കല്യാണം, ലോണുകള്‍ എന്നീ കാര്യങ്ങളിലെ സംശയനിവാരണവും വേണ്ട സഹായങ്ങളുമായാണ് പിന്നോക്കവിഭാഗത്തിന്റെ സ്റ്റാള്‍ സജ്ജമായിരിക്കുന്നത്. സപ്ലൈകോയുടെ സ്റ്റാളിലെത്തിയാല്‍ ന്യായ വിലയ്ക്ക് വീട്ടുസാധനങ്ങളുമായി മടങ്ങാം. പട്ടികവര്‍ഗ സര്‍വീസ് സഹകരണസംഘം ചെറുതേന്‍, വലിയ തേന്‍, പുളി, ചൂരല്‍ ഫര്‍ണിച്ചറുകള്‍ എന്നിവയുടെ വില്‍പ്പനയുമായി സ്റ്റാളില്‍ ഇടം നേടിയിട്ടുണ്ട്.  തുണികള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കിക്കൊണ്ട് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ തുണിത്തരങ്ങളും മേളയിലുണ്ട്.