ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും പോഷകാഹാരം നുണയാന്‍ തയാറായി. കഴിക്കുന്ന പോഷകാഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ സാധിക്കുന്നവതന്നെ…

ഇവ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കാന്‍ കഴിയുമെന്നു കണ്ടതോടെ അമ്മമാരും ഹാപ്പി.
ചാര്‍ട്ടുകളും ചിത്രങ്ങളുംകൊണ്ട് മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സ്റ്റാള്‍ പെട്ടെന്നുതന്നെ കണ്ണിലുടക്കും. ചാര്‍ട്ട് കൊണ്ടുണ്ടാക്കിയ കുടയിലും സൂര്യകാന്തി പൂവിലും വര്‍ണ്ണ മനോഹരങ്ങളായ ലിപികളില്‍ പ്രീ സ്‌കൂള്‍ വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വകുപ്പിന്റെ ലക്ഷ്യങ്ങളും സേവനങ്ങളും ആലേഖനം ചെയ്യുന്നു. പ്രത്യേകം തയാറാക്കിയ വഞ്ചിപ്പാട്ട് കര്‍ണാനന്ദകരമാണ്. വകുപ്പിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളുമാണ് വഞ്ചിപ്പാട്ടിന്റ രൂപത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സ്റ്റാളിലെ ജീവനക്കാര്‍ കൂടി തയാറാവുന്നതോടെ പാട്ടും നൃത്തവുമൊക്കെയായി ഉത്സവാന്തരീക്ഷം തന്നെയാണിവിടെ.