ഡെങ്കിപ്പനിമൂലമുള്ള മരണം തടയാൻ കൊതുകു നിർമ്മാർജ്ജനത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.

പഞ്ചായത്തുകൾ, കുടുംബശ്രീ, വിദ്യാർഥികൾ എന്നിവർ മാലിന്യ സംസ്‌ക്കരണം, പരിസര ശുചീകരണം എന്നിവയ്ക്ക് മുൻകൈയെടുക്കണമെന്നും നിർമ്മല ജിമ്മി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഞീഴൂരിൽ നടന്ന ബോധവത്കരണ റാലി ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല ഫ്‌ലാഗ് ഓഫ് ചെയ്തു.

സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സുഷമ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഡെങ്കിപ്പനി ദിന സന്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അലക്‌സ് തോമസ് ആരോഗ്യ ജാഗ്രതാ പദ്ധതി വിശദീകരണം നടത്തി.