കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാർഗനിർദ്ദേശം നൽകി ജില്ലാ കളക്ടർ എ.ഗീതയുടെ ഉത്തരവ്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറായും വില്ലേജ് ഓഫീസർ, വനം വകുപ്പ് റേഞ്ച് ഓഫീസർ തുടങ്ങിയവർ അംഗങ്ങളുമായി രൂപീകരിച്ച ട്രീ കമ്മിറ്റി അടിയന്തിരമായി യോഗം ചേർന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശം നൽകി.

പ്രസ്തുത കമ്മിറ്റി കണ്ടെത്തുന്നതും അപകട ഭീഷണിയിൽ സ്ഥിതി ചെയ്യുന്നതുമായ മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് ട്രീ കമ്മിറ്റി പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള വകുപ്പിന് നിർദ്ദേശം നൽകണം. ബന്ധപ്പെട്ട വകുപ്പ് ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. നിർദ്ദേശം ലഭിച്ചിട്ടും മുറിച്ചുമാറ്റാത്ത മരം മൂലം പിന്നീടുണ്ടാകുന്ന അപകടങ്ങൾക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കും.

പൊതു നിരത്തുകളുടെ അരികിൽ അപകടഭീഷണിയിലുള്ള മരങ്ങൾ/ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സികട്ടിവ് എഞ്ചിനീയർ കൽപ്പറ്റ, ദേശീയ പാത എക്സിക്യൂട്ടിവ് എഞ്ചിനീയർ കോഴിക്കോട് എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള നിരത്തുകളിലും ഭൂമിയിലുമുള്ള അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ച് നീക്കുന്നതിനോ ശാഖകൾ മുറിച്ച് മാറ്റുന്നതിനോ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ദുരന്തഭീഷണി സൃഷ്ടിക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുവാൻ ഭൂഉടമസ്ഥരോട് ആവശ്യപ്പെടാവുന്നതും അപ്രകാരം ചെയ്യാത്ത പക്ഷം, പ്രസ്തുത മരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് മുറിച്ചുമാറ്റേണ്ടതും ആയതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തിയുടെ പക്കൽ നിന്നും ഈടാക്കി തനത് ഫണ്ടിലേക്ക് വകയിരുത്തേണ്ടതുമാണ്.

സർക്കാരിലേക്ക് റിസർവ്വ് ചെയ്ത തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങൾ മുറിച്ച് നീക്കുന്നതിന് നിലവിലുള്ള ചട്ടങ്ങൾ/ഉത്തരവുകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.