സംസ്ഥാനത്തെ സ്‌കൂളുകളിൽ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ  ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളിൽ നിയമിക്കരുത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ   വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം ബി.ബബിത നിർദേശം നൽകി.
പെൺകുട്ടികളുടെ കായിക     പരിശീലന സമയത്ത് നിർബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും    അധ്യാപികയുടെയോ മേൽനോട്ടം ഉറപ്പാക്കണം. പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ പൂർണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം. രാത്രി സമയങ്ങളിൽ പുരുഷ പരിശീലകർ പരിശീലനം നൽകുമ്പോൾ വനിതാ അധ്യാപികമാരുടെയോ മറ്റോ സാന്നിധ്യം      ഉറപ്പാക്കണം. കായിക പരിശീലകൻ കുട്ടികളോട് പൂർണമായും ശിശുസൗഹാർദ്ദമായി പെരുമാറണം. നിയമലംഘനം     ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ ഉൾപ്പെടെ വകുപ്പുതല നടപടികൾ സ്വീകരിക്കണം.
കായിക   പരിശീലകരായ വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും, അവരുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും പ്രധാന അധ്യാപകനും, കായിക താരങ്ങളായ കുട്ടികളും, അവരുടെ രക്ഷിതാക്കളും, സ്‌കൂൾ കൗൺസിലറും ഉൾപ്പെടുന്ന പരാതി പരിഹാര സമിതി രൂപികരിക്കണം. ദൂരെ സ്ഥലങ്ങളിൽ കായിക മത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോൾ പെൺകുട്ടികളുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാൻ വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തിൽ ഉൾപ്പെടുത്തണം. ഏതെങ്കിലും വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചാൽ ഉടൻ പോലീസിന് കൈമാറണം. ശുപാർശകളിൽ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ച നടപടി രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവിൽ നിർദേശം നൽകി.