സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയുടെ കീഴില്‍ ‘ഷീ കോച്ച്’ വിഭാഗം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്കായി അപേക്ഷകരെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേ അവസാന ഘട്ടത്തിലാണ്. ഈ അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ‘ഷീ കോച്ചു’കള്‍ പരിശീലനവും കൗണ്‍സിലിംഗും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയില്‍ യുവജന പ്രാതിനിധ്യം ഉറപ്പാക്കാന്‍ ആരംഭിച്ച ഓക്‌സിലറി ഗ്രൂപ്പുകളില്‍ നിന്നും 1250 പേരെ ‘ഷീ കോച്ച്’ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. നവകേരള നിര്‍മ്മിതിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീശാക്തീകരണവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുക, സംരംഭക ശേഷി പ്രോത്സാഹിപ്പിക്കുക, ഉത്പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തന സാഹചര്യം ഒരുക്കുക എന്നിവയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളില്‍ സ്ത്രീകളുടെ നേതൃപാടവം തെളിയിക്കാന്‍ കുടുംബശ്രീ വഴിയൊരുക്കിയെന്ന് ചടങ്ങിന്റെ അധ്യക്ഷയായ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.