വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ – വന്യജീവി സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി വന്യമിത്ര സംയോജിത പദ്ധതി പ്രകാരം പരിഹാരമാർഗം കണ്ടെത്തുന്നതിന് ചാലക്കുടിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. വന്യജീവി ആക്രമണത്തെ തടയുന്നതിന് ഹൃസ്വകാല – ദീർഘകാല പരിഹാര മാർഗങ്ങൾക്കായുള്ള പ്രോപോസലുകൾ സമർപ്പിക്കുന്നതിന് ചാലക്കുടി, പീച്ചി, വാഴച്ചാൽ വനം ഡിവിഷനുകൾക്ക് കീഴിൽ വരുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി അംഗങ്ങൾ എന്നിവരടങ്ങിയ സംയുക്ത യോഗമാണ് നടന്നത്. പഞ്ചായത്ത് തലത്തിൽ സ്വീകരിക്കാവുന്ന അനുയോജ്യ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തി ഏഴ് ദിവസത്തിനുള്ളിൽ പ്രോപോസൽ സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ 22 – ഓളം ഗ്രാമപഞ്ചായത്തുകളും വടക്കാഞ്ചേരി മുൻസിപ്പാലിറ്റി എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്ന വനാതിർത്തി പ്രദേശങ്ങളിൽ ആവശ്യമായ വന്യജീവി പ്രതിരോധ പ്രവർത്തനങ്ങളായ തൂക്ക് സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, റെയിൽ ഫെൻസിംഗ്, ജൈവവേലികൾ, വനത്തിനകത്ത് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കൽ, സംരക്ഷിത ഫല വ്യക്ഷത്തോട്ടങ്ങൾ, സെൻസർ അലാറം, സെൻസർ ലൈറ്റിംഗ്, ആനിമൽ ട്രാക്കിംഗ് ജനജാഗ്രത സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ, ബോധവൽക്കരണ പരിപാടികൾ, ഇൻഷുറൻസ് പരിരക്ഷ എന്നീ പ്രവർത്തനങ്ങൾ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിന് പദ്ധതി വിഭാവന ചെയ്യുന്നു. പ്രാദേശിക പങ്കാളിത്തത്തോടെ ചർച്ചകൾ നടത്തി പ്രവൃത്തി നിർദ്ദേശങ്ങൾ അടങ്കൽ സഹിതം പഞ്ചായത്തുകൾ തയ്യാറാക്കി ഡി.എഫ്.ഒമാർ മുഖേന 25ന് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിന് യോഗം നിർദ്ദേശിച്ചു.ചാലക്കുടി ഫോറസ്റ്റ് ഓഫീസിലെ ഐ ബി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.