കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോക വൈജ്ഞാനിക ശൃംഘലയുമായി ബന്ധിപ്പിച്ച് അറിവിന്റെ കൈമാറ്റം സാധ്യമാക്കാനാണു സർക്കാർ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ രംഗത്തു സമഗ്ര അഴിച്ചുപണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരവും വിദ്യാർഥികളുടെ പഠന മികവും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർഥികൾ രാജ്യത്തനകത്തും പുറത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ഇവിടെത്തന്നെ മികവു തെളിയിക്കാനുള്ള സാഹചര്യമൊരുക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. അതിനു കഴിയുംവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീർക്കുക, എൻറോൾമെന്റ് റേഷ്യോ വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാർഷിക, വ്യാവസായിക ഉത്പാദന മേഖലകളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ ബന്ധിപ്പിക്കുക തുടങ്ങിയ സമഗ്ര മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതിനുള്ള നിരവധി കാര്യങ്ങൾ സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ഗവേഷണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ബ്ലോക്കുകൾ, പുതുതലമുറ ലാബ് സൗകര്യം, പുതിയ ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി കെട്ടിടങ്ങൾ തുടങ്ങി വലിയ മാറ്റങ്ങൾ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നടപ്പാക്കിവരികയാണ്. ഭൗതിക സൗകര്യങ്ങൾക്കൊപ്പം സിലബസ് പരിഷ്‌കാരവും ബോധന സമ്പ്രദായത്തിലെ മാറ്റവും സംയോജിപ്പിച്ചുള്ള വലിയ മുന്നേറ്റമുണ്ടാകണം. വിദ്യാഭ്യാസ ഘടന, ഉള്ളടക്കം, സർവകലാശാല നിയമങ്ങൾ, പരീക്ഷാ സംവിധാനം തുടങ്ങിയവയെല്ലാം പരിഷ്‌കരിക്കുന്നതിനുള്ള കമ്മിഷനുകൾ രൂപീകരിച്ചു. ലഭിച്ച ഇടക്കാല റിപ്പോർട്ടുകളനുസരിച്ചുള്ള നടപടികളിലേക്കു സർക്കാർ കടന്നിട്ടുണ്ട്.
വിജ്ഞാനം വെള്ളംകടക്കാത്ത അറയായി കണക്കാക്കേണ്ട ഒന്നല്ലെന്നും സമൂഹത്തിനു പ്രയോജനപ്പെടുമ്പോഴാണു യഥാർഥ വിജ്ഞാനമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിജ്ഞാനത്തെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുയെന്നതാണു സർക്കാരിന്റെ നയം. പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ സർക്കാർ വലിയ ഇടപെടലാണു നടത്തിയത്. ഈ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയേയും മാറ്റും. ലോകോത്തര നിലവാരത്തിലേക്കു കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്തും. ഗവേഷകർ, വിദഗ്ധർ തുടങ്ങിയവരെ കൂടുതലായി ആകർഷിക്കും. ഇതുവഴി നാടിനെ വിജ്ഞാന സമൂഹമായി മാറ്റി നൂതനത്വ സമൂഹമായി പരിവർത്തിപ്പിക്കും.
നാടിന്റെ സമഗ്ര പുരോഗതിക്കു സഹായം നൽകത്തക്കവിധം ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റണമെന്ന സർക്കാരിന്റെ കാഴ്ചപ്പാടിനു പിന്തുണ നൽകാൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്കു കഴിയും. സാമൂഹിക, സാമ്പത്തിക, കാർഷിക, വ്യാവസായിക മേഖലകളിലെ നൂതന ആശയങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ ഫെലോഷിപ്പുകളുടെ പ്രധാന ലക്ഷ്യം. വിവിധ മേഖലകളിൽ ഗവേഷണം നടത്തുന്ന പ്രതിഭകളായ 77 പേരാണ് ഇത്തവണ ഫെലോഷിപ്പിന് അർഹരായത്. ആദ്യ വർഷം അമ്പതിനായിരം രൂപയും രണ്ടാം വർഷം ഒരു ലക്ഷം രൂപയുമാണു ചീഫ് മിനിസ്റ്റേഴ്സ് ഫെലോഷിപ്പ് ജേതാക്കൾക്കു നൽകുന്നത്. രാജ്യത്തുതന്നെ ഇത്ര വലിയ തുകയും അംഗീകാരവും നൽകുന്ന ഫെലോഷിപ്പുകൾ വിരളമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സർവകലാശാലകളും ഉത്പാദിപ്പിക്കുന്ന അറിവിനെ സംസ്ഥാനത്തിന്റെ പൊതുജീവിത നിലവാരം വർധിപ്പിക്കുന്നതിനും സമ്പദ്ഘടനയുടെ വിപുലീകരണത്തിനും സഹായിക്കുംവിധം ഉപയോഗിക്കണമെന്ന ദിശാബോധത്തോടെയാണു സർക്കാർ പ്രവർത്തിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതു മുൻനിർത്തിയാണു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. അഞ്ചു വർഷംകൊണ്ട് 500 പേർക്ക് ഈ ഫെലോഷിപ് നൽകുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിലെ നാഷണൽ റിസേർച്ച് പ്രൊഫസർ ഡോ. എം.എസ്. വല്യത്താൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവരും പങ്കെടുത്തു.