കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കുടുംബശ്രീ രംഗശ്രീ കലാ സംഘവും ചേർന്ന് ജില്ലയിൽ സംഘടിപ്പിച്ച കലാജാഥ സമാപിച്ചു.സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നാടകമായും നൃത്ത രൂപത്തിലും അവതരിപ്പിച്ച കലാജാഥയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും വമ്പിച്ച സ്വീകരണം ലഭിച്ചു. കലാ പ്രവർത്തക രാധാമണി പ്രസാദിൻ്റെ നേതൃത്വത്തിൽ 12 കലാകാരികൾ ചേർന്ന് നയിച്ച കലാപരിപാടികൾ അവതരണ മികവിൽ ശ്രദ്ധേയമായി. മെയ് 16 ന് ആരംഭിച്ച കലാജാഥയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലെ 20 പൊതു ഇടങ്ങളിൽ കലാപരിപാടികൾ അരങ്ങേറി. സമാപന ദിനമായ ഇന്ന്‌ ചെമ്പ്, മറവൻതുരുത്ത്, കടുത്തുരുത്തി, തലയോലപ്പറമ്പ് , മാഞ്ഞൂർ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു.