പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് ലക്ഷ്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ക്ഷീര വികസനമേഖലയെ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

പച്ചക്കറി മുതല്‍ എല്ലാം പുറത്ത് നിന്ന് വാങ്ങുന്ന രീതി കേരളത്തില്‍ മാറി. പച്ചക്കറി ഉത്പാദനത്തില്‍ വര്‍ധനവ് ഉണ്ടായി. പത്തനംതിട്ട ജില്ല പാല്‍ ഉത്പാദനത്തില്‍ മുന്നേറിക്കഴിഞ്ഞു. ജില്ലയിലെ പറക്കോട് ബ്ലോക്കിനാണ് പാല്‍ ഉത്പാദനത്തില്‍  രണ്ടാം സ്ഥാനം. ക്ഷീരവികസനവകുപ്പ് മന്ത്രി കേരളത്തില്‍ ഒട്ടാകെ സഞ്ചരിച്ചു കൊണ്ട് ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി.

പാല്‍ കൊണ്ട് നിരവധി ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കണം. ഇന്ന് സഹകരണസംഘങ്ങളുടെ കീഴില്‍ സൂപ്പര്‍ ബസാറുകള്‍, ബേക്കറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.