* നാല് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യം
* തൊഴിലന്വേഷകരെ തേടി സർക്കാർ വീടുകളിൽ

വിജ്ഞാനത്തിലൂടെ തൊഴിൽ, തൊഴിലിലൂടെ വരുമാനം എന്നതാണ് സംസ്ഥാന സർക്കാർ പുതുതായി രൂപംകൊടുക്കുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ആപ്തവാക്യം. 2026-നകം 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ആഗോള തൊഴിൽ മേഖലകളിൽ തൊഴിലവസരമൊരുക്കാനായി സംസ്ഥാന സർക്കാർ തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ച് സുസ്ഥിരവികസനം സാധ്യമാക്കാനുള്ള പുതിയ വികസന മാതൃകയാണിത്. കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി വിവരങ്ങൾ ചോദിച്ചറിയുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ 90 ശതമാനത്തോളം പൂർത്തിയായി.

2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകൾ പ്രകാരം 45 ലക്ഷം തൊഴിൽരഹിതരാണ് കേരളത്തിലുള്ളത്. ഇതിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാരും കോവിഡ് മഹാമാരിമൂലം നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളും ജോലി നഷ്ടപ്പെട്ടവരും ഉണ്ട്. ഇവരുടെ തൊഴിൽ നൈപുണ്യത്തിനും അഭിരുചിക്കും അനുസരിച്ച്, കോവിഡാനന്തര സമ്പദ്വ്യവസ്ഥയിൽ പുതിയ തൊഴിലിടങ്ങളിൽ എത്തിപ്പെടാനുള്ള അവസരം ഒരുക്കുകയാണ് നോളജ് ഇക്കോളമി മിഷൻ ചെയ്യുന്നത്. നാലുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്കെങ്കിലും പദ്ധതിയിലൂടെ ജോലി ലഭ്യമാക്കും.

കേരള ഡവലപ്മെന്റ് & ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) ആണ് നോളജ് ഇക്കണോമി മിഷൻ നടപ്പാക്കുന്നത്. നോളജ് ഇക്കോണമി മിഷൻ സജ്ജമാക്കിയ ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവൽക്കരിക്കാനും ഇതിലേക്ക് കൂടുതൽപേരെ ചേർക്കാനുമായി പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിൻ അവസാന ഘട്ടത്തിലാണ്. 2022 മെയ് 16 വരെയുളള കണക്കനുസരിച്ച് 68,43,742 വീടുകളിൽ സന്ദർശനം പൂർത്തിയാക്കി. 20 വയസിൽ താഴെ, 21-30, 31-40, 41-50, 51-56, 56 വയസിനു മുകളിൽ, ഐടി, ഡിപ്ലോമ, പ്ലസ്ടു, ഡിഗ്രി, പിജി തലങ്ങൾ, സ്ത്രീ, പുരുഷൻ എന്നിങ്ങനെ തരംതിരിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഇതുവരെ 3,14,588 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഇടമാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം. വീടുകൾക്ക് സമീപം ജോലി ചെയ്യുകയും തൊഴിലുടമകളുമായി ഇടപഴകുകയും ചെയ്യുന്ന വിജ്ഞാന തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക സുരക്ഷാ സംവിധാനവും ഒരുക്കാൻ പദ്ധതി തയാറാക്കും. ഐടി, ഐടി സേവന മേഖലകൾക്കുമപ്പുറം ധനകാര്യ സേവനങ്ങളോ നിയമം, ചെറുകിട വ്യാപാരം, ഉൽപാദനം, കൃഷി, ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടും. കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്താനും സാങ്കേതിക പരിവർത്തനത്തിനുമായി വിജ്ഞാന സമ്പദ് വ്യവസ്ഥ ഫണ്ട് 200 കോടിയിൽ നിന്ന് 300 കോടിയായി ഉയർത്തിയിട്ടുണ്ട്.

ദേശീയ- അന്തർദ്ദേശീയ തലത്തിൽ ധാരാളം നവലോക തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്ന കാലഘട്ടമാണിത്. ആഗോളരംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയും, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയുമാണ് അഭിമാന പദ്ധതിയാണ് നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം.