സര്‍ക്കാരിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സേവന സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ജനങ്ങള്‍ ഒരുപോലെ പ്രയോജനപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഈ മേളയിലൂടെ സാധിച്ചു. ജില്ല കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിജയകരമായ വലിയ മേളയാണ് നടന്നത്. ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധ നേടി. കാലാവസ്ഥ പ്രതികൂലമായിട്ടുപോലും ആളുകള്‍ മേളയിലേക്ക് ഒഴുകിയെത്തി. ഒരു തവണ കണ്ട് മടങ്ങിയവര്‍ വീണ്ടും വീണ്ടും മേള കാണാനെത്തിയത് മേളയുടെ മികവ് ഒന്നുകൊണ്ട് മാത്രമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും അവരവരുടെ സ്റ്റാളുകള്‍ മികച്ച രീതിയിലൊരുക്കാന്‍ കഷ്ടപ്പെട്ടു. ആദ്യ അഞ്ചു ദിവസത്തെ വിറ്റുവരവ് മുപ്പത് ലക്ഷം രൂപയ്ക്ക് അടുത്താണ്. ഇത്തരം കൂടിച്ചേരലുകള്‍ക്ക് ജില്ലയില്‍ സാധ്യതകളുണ്ടെന്ന് കൂടി ഈ മേള മനസിലാക്കി തന്നുവെന്നും ഇതിന് വേണ്ടി മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വികസനരംഗത്ത് ഭാവിയിലേക്ക് വേണ്ട ഘടകങ്ങള്‍ രൂപപ്പെടുത്തി അടുത്ത തലമുറയ്ക്ക് നല്‍കുകയെന്ന വലിയ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. അത്തരം കാഴ്ചപ്പാടുകള്‍ വേഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ അതിന്റെ ആവശ്യകതയെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നുവെന്ന വലിയ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല, ജനങ്ങളുടെ സന്തോഷത്തിന്റെ സൂചികയെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുവാനുള്ള വലിയ യജ്ഞമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരളത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന തരത്തിലുള്ള സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വികസനത്തില്‍ ഓരോ മുഖ്യമന്ത്രിമാരുടേയും പങ്കാളിത്തം വ്യക്തമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മേളയിലുള്‍പ്പെടുത്തി ഏറ്റവും ചിട്ടയോടു കൂടിയാണ് ജില്ലാ ഭരണകൂടം എന്റെ കേരളം പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചത്. കേരളത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അറിയേണ്ടത് ആവശ്യമാണെന്നും അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ഈ മേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും നദികള്‍, തോടുകള്‍ എന്നിവയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും ഈ മേള വ്യക്തമായി പ്രതിപാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വിളംബരജാഥയിലെ പങ്കാളിത്തം, മികച്ച തീം-കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയിലെ വിജയികള്‍ക്ക് ആരോഗ്യമന്ത്രി വീണാജോര്‍ജ് സമ്മാനം വിതരണം ചെയ്തു.

അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.മാത്തൂര്‍ സുരേഷ്, കേരളാ കോണ്‍ഗ്രസ് (ബി) പി.കെ ജേക്കബ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് (എസ്) ജനറല്‍ സെക്രട്ടറി ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, എഡിഎം അലക്സ് പി തോമസ്, ഐപിആര്‍ഡി മേഖലാ ഉപഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.