ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് 22ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി മുഖ്യാതിഥിയായിരിക്കും. ‘ഭൂമിക്കൊരു തണല്‍’ എന്ന പേരില്‍ ആശാപ്രവര്‍ത്തകര്‍ക്കുള്ള കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിക്കും.

ആദിവാസി ഗര്‍ഭിണികള്‍ക്കായുള്ള പ്രസവപൂര്‍വ്വ പാര്‍പ്പിടം ‘പ്രതീക്ഷ’, വനിതകള്‍ക്കായുള്ള വിശ്രമകേന്ദ്രം ‘പെണ്മ’, ആശുപത്രിയില്‍ പുതുതായി പണികഴിപ്പിച്ചിട്ടുള്ള കല്‍മണ്ഡപം, ഫിറ്റ്‌നസ് സെന്ററും ജിംനേഷ്യവും എന്നിവയുടെ ഉദ്ഘാടനവും, കനറാ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഫിസിയോതെറാപ്പി വിഭാഗത്തിലേക്കുള്ള ലിഫ്റ്റിന്റെ ശിലാസ്ഥാപനവും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഓട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ആദിവാസി വയോജനങ്ങള്‍ക്കായുള്ള ഇ-ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള നൂതന ഉപകരണങ്ങളുടെ സമര്‍പ്പണവും നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ എ. ഗീത, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.