കേരളത്തിലെ ട്രഷറി സേവിങ്ങ്സ് ബാങ്ക് പോലുള്ള കരുതല്‍ സമ്പാദ്യപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് ആകെ മാതൃകയാണെ് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. പുല്‍പ്പള്ളിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സര്‍ക്കാര്‍ സാമ്പത്തിക വിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്രഷറികളെ അത്യാധുനിക സംവിധാനങ്ങളോടെ സര്‍ക്കാര്‍ ആധുനികവത്കരിക്കുകയാണ്. ട്രഷറികളികളില്‍ സേവനങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്ഥിര നിക്ഷേപങ്ങള്‍ എത്തുതിന് ആധുനിക സൗകര്യങ്ങള്‍ പ്രയോജനകരമാകും. കൃഷിയില്‍ അടിസ്ഥാനമായ സാമ്പത്തിക ഭദ്രതയും അനിവാര്യമായ കാലഘട്ടമാണിത്.

വയനാടിന്റെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കുരുമുളക് പോലുള്ള വയനാടന്‍ കാര്‍ഷിക ഉത്പ്പങ്ങളെ ആധുനിക രീതിയില്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഐ.സി ബാലകൃഷ്ണന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം. പിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷ തമ്പി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷ ടീച്ചര്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ടി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപ വകയിരുത്തിയാണ് പുല്‍പ്പള്ളി സബ് ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. 71 സര്‍ക്കാര്‍ ഓഫീസുകള്‍ പുല്‍പ്പള്ളി സബ് ട്രഷറിയില്‍ ഇടപാട് നടത്തുന്നുണ്ട്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളാണ് ട്രഷറിയുടെ അധികാര പരിധിയില്‍ വരുന്നത്.