കോന്നി എംഎല്‍എ അഡ്വ.കെ.യു ജനീഷ്‌കുമാറിന്റെ സമയോചിതമായ ഇടപെടലില്‍ കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന ടോയിലെറ്റുകൾ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുമെന്നും മത്സ്യമാര്‍ക്കറ്റിനുള്ളില്‍ തന്നെ വിപണനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് തലത്തില്‍ പ്രത്യേക  യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.

ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതലത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആരോഗ്യജാഗ്രതാ യോഗം ഓണ്‍ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. കോന്നി നാരായണപുരം ചന്തയിലെ മാലിന്യപ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗത്തിനു ശേഷം കോന്നി ചന്തയില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നടത്തിയ മിന്നൽ പരിശോധനക്കു ശേഷമാണ് ചന്തയിലെ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർദ്ദേശം നൽകിയത്.

എത്രയും വേഗം ചന്ത വൃത്തിയാക്കാനും മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാനും എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കി. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍ സുമേഷ്,കോന്നി പഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്തയിലെ മാലിന്യങ്ങള്‍ വേഗത്തില്‍ സംസ്‌കരിച്ചത്.