കോന്നി പെരിഞ്ഞൊട്ടയ്ക്കല്‍ സി എഫ് ആര്‍ ഡി കോളജില്‍ നിലവിലുള്ള പരിമിതികള്‍ ഘട്ടം ഘട്ടമായി മാറ്റി എടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ- പൊതു- വിതരണ, ഉപഭോക്തൃ കാര്യ വകുപ്പിലെ ജീവനക്കാര്‍ക്ക് റസിഡന്‍ഷ്യല്‍ ട്രെയിനിംഗിന് ആവശ്യമായ ഡോര്‍മെറ്ററി കെട്ടിടത്തിന്റെ ശിലാ സ്ഥാപന കര്‍മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രഖ്യാപിക്കുന്ന പദ്ധതികള്‍ 100 ശതമാനം യഥാര്‍ഥ്യമാക്കും. സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയില്‍ സി എഫ് ആര്‍ ഡി ക്ക് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സി എഫ് ആര്‍ ഡി കോളജില്‍ പരിശോധനയ്ക്ക് എത്തിക്കുന്ന ഉത്പന്നങ്ങള്‍ സമയ ബന്ധിതമായി പരിശോധിച്ച് ഫലം നല്‍കും. സി എഫ് ആര്‍ ഡി കോളജിലെ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെ അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.

അത്യാവശ്യഘട്ടത്തില്‍ നടത്തേണ്ട പരിശോധനകള്‍ നടത്താനായി ഭക്ഷ്യ- പൊതു- വിതരണ, ഉപഭോക്തൃ കാര്യ വകുപ്പിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും ചട്ടങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും  ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കാനും കൂടിയാണ് ഈ ഡോര്‍മെറ്ററി കെട്ടിടം കൊണ്ട് ഉദ്ദേശിക്കുന്നത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. സി എഫ് ആര്‍ ഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡ് സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീവ് പട്ജോഷി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മലയാലപ്പുഴ ശശി, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. ഗോപിനാഥന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. ദേവകുമാര്‍, സിഎഫ്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.