‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വ്വേ പൂര്‍ത്തീകരിച്ചപ്പോള്‍ 1,44,600 തൊഴിലന്വേഷകരെ കണ്ടെത്തി. വരുന്ന 4 വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി മെയ് 8 മുതല്‍ മെയ് 15 വരെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തിയത്. ജില്ലയിലെ 26 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 2,23,000 വീടുകളില്‍ വിവരശേഖരണം പൂര്‍ത്തീകരിച്ചു. കുടുംബശ്രീയുടെ നേതൃത്തത്തില്‍ 2290 എന്യുമറേറ്റര്‍മാരെയാണ് വീടുകളില്‍ സര്‍വ്വേ ചെയ്യാനായി നിയോഗിച്ചത്. ജാലകം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ആദ്യമായി സര്‍വ്വേ പൂര്‍ത്തീകരിച്ചത് വൈത്തിരി ഗ്രാമപഞ്ചായത്താണ്.
