അങ്കണവാടി കുട്ടികളുടെ കുഷ്ഠരോഗ നിര്‍ണ്ണയം ‘ബാലമിത്ര’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, വനിതശിശുവികസന വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നത്. സമഗ്ര കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നടത്തുന്ന ബാലമിത്ര കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലെ കണ്ടെത്തി ചികിത്സ നല്‍കാനാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടി തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി രോഗ നിര്‍ണ്ണയ പ്രക്രിയയില്‍ പങ്കാളിയാക്കും. ആദ്യപടിയില്‍ രോഗ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ നിര്‍ണ്ണയം നടത്തി ചികിത്സ ഉറപ്പാക്കും. സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ കുഷ്ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ ബഹുജന പങ്കാളിത്തം ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.