മധ്യ വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടങ്ങളും ക്ലാസ് മുറികളും കൂടിയാണ് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായിട്ട് ഒരുക്കിയിട്ടുള്ളത്. പഴയ സ്‌കുള്‍ കെട്ടിടങ്ങള്‍ മാറി ആധുനിക നിലവാരത്തില്‍ ബഹുനിലകെട്ടിടങ്ങളാണ് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുന്നത്.

ജില്ലയിലെ 496 വിദ്യാലയങ്ങളിലും പ്രവേശനോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടം വിദ്യാഭ്യാസ ഓഫീസര്‍ തലത്തില്‍ അവലോകനം ചെയ്തു വരുന്നു. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന 59 ഏകാദ്ധ്യാപക വിദ്യാലയങ്ങളില്‍ (എം.ജി.എല്‍.സി.) 7 എണ്ണം ഒഴികെ മറ്റുള്ളവ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ പറഞ്ഞു. എം.ജി.എല്‍.സി ഒഴികെ എല്ലാ സ്‌കൂളുകളും ജൂണ്‍ ഒന്നിന് തുറക്കും. കുട്ടികളുടെ സുരക്ഷക്ക് പ്രധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലാ ഉപജില്ലാതലത്തിലും നിരീക്ഷിച്ചു വരികയാണ്. കുടിവെള്ള പരിശോധന, കാട്വെട്ടിത്തെളിക്കല്‍, പൊത്തുകള്‍ അടക്കല്‍ എന്നിവ നടത്തുന്നുണ്ട്. ചുറ്റുമതില്‍ ലഭ്യമല്ലാത്ത 99 വിദ്യാലയങ്ങളുടെ പട്ടിക ജില്ല പഞ്ചായത്തിന് തുടര്‍ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.

ജില്ലയ്ക്ക് ആവശ്യമുള്ള 7,85,828 പുസ്തകങ്ങളില്‍ 85% ജില്ലാ ഹബ്ബില്‍ എത്തിച്ചേരുകയും അവിടുന്ന് സ്‌കൂള്‍ സൊസൈറ്റി, സ്‌കൂള്‍, കുട്ടികള്‍ എന്നിവരിലേയ്ക്ക് മെയ് 30-നുള്ളില്‍ എത്തിക്കാനുള്ള ക്രമികരണങ്ങള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 31-ന് ഉള്ളില്‍ 100% പൂര്‍ത്തീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജി.റ്റി.എച്ച്.എസ്. മുരിക്കാട്ടുകുടിയില്‍ നടത്തും. കൂടാതെ സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പണി പൂര്‍ത്തികരിച്ച 2 വിദ്യാലയങ്ങളുടെ ഉദ്ഘാടനം (ജി.യു.പി.എസ്. പൈനാവ്, ജി.യു.പി.എസ്. ഏലപ്പാറ) മെയ് 30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ് വി.എ, വിവിധ വകുപ്പ്് ജില്ലാ തല മേധാവികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.