ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലയില്‍ നൂതന പദ്ധതികള്‍:

ഒരു വര്‍ഷത്തിനിടെ ഭൂജലവകുപ്പ്
നിര്‍മിച്ച് നല്‍കിയത് 45 കുഴല്‍ കിണറുകള്‍

വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലെ കുടുംബങ്ങള്‍ക്ക് സൗജന്യമായി കുഴല്‍ കിണറുകള്‍ നിര്‍മിച്ച് നല്‍കി ഭൂജല വകുപ്പ്. തിരൂരങ്ങാടി, മങ്കട എന്നിവിടങ്ങളിലെ 45 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ഭൂജല വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുഴല്‍ക്കിണര്‍ നിര്‍മിച്ച് നല്‍കിയത്. ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്രയും കുഴല്‍കിണറുകള്‍ ഒരുക്കിയതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. അനിത നായര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഭൂജല വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ തന്നെയാണ് കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള സ്ഥാനനിര്‍ണ്ണയവും പ്രവൃത്തിയും നടത്തുന്നത്. തിരൂരങ്ങാടി നന്നമ്പ്ര പഞ്ചായത്തിലെ 30 കുടുംബങ്ങള്‍ക്കും മങ്കടയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ 15 കുടുംബങ്ങള്‍ക്കുമാണ് പദ്ധതിയുടെ ഗുണഫലം ലഭിച്ചത്. സ്ഥാന നിര്‍ണ്ണയം, കുഴല്‍ക്കിണര്‍ നിര്‍മാണം എന്നിവയോടൊപ്പം ജലലഭ്യത കുറഞ്ഞ കിണറുകളില്‍ കൈപമ്പ് ഘടിപ്പിച്ച് ജലവിതരണം നടത്തുന്നതും കൈപമ്പ് പദ്ധതികളുടെ അറ്റകുറ്റപണി നടത്തുന്നതും ഭൂജല വകുപ്പാണ്. ജല ലഭ്യത കൂടുതലുള്ള കിണറുകളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും നവീകരണ പ്രവൃത്തി നടത്തുന്നതിനും ഭൂജല വകുപ്പിന് പദ്ധതിയുണ്ട്.

തുറന്ന കിണര്‍ റീച്ചാര്‍ജിങിനും പദ്ധതി:
ഒരു വര്‍ഷത്തിനിടെ മാത്രം വിനിയോഗിച്ചത് ഏഴ് ലക്ഷം രൂപ

ജില്ലയിലെ വിവിധ ഇടങ്ങളില്‍ തുറന്ന കിണറുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഭൂജല വകുപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയത് ഏഴു ലക്ഷം രൂപയുടെ പ്രവൃത്തി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വകുപ്പ് തല പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ തുക വിനിയോഗിച്ചത്. കൃത്രിമ ഭൂജല സംപോഷണ പദ്ധതിക്ക് കീഴിലായി വരുന്ന ഈ സേവനം ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ക്കാണ് ലഭ്യമായത്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ഒതുക്കുങ്ങല്‍ ജി.എല്‍.പി.എസ്, ആനക്കയം പഞ്ചായത്തിലെ പന്തല്ലൂര്‍ ടൗണ്‍ ജി.എല്‍.പി സ്‌കൂള്‍, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ ആര്‍.ആര്‍. ആര്‍.എഫ് പൊലീസ് ക്യാമ്പ്, ഏ.ആര്‍ നഗറിലെ പുകയൂര്‍ ഹോമിയോ ഡിസ്പെന്‍സറി, മലപ്പുറത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എന്നീ സ്ഥാപനങ്ങളിലെ കിണറുകളാണ് റീചാര്‍ജ് ചെയ്തത്. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതില്‍ കിണര്‍ റീച്ചാര്‍ജ്ജിങ് ഫലപ്രദമാണ്.
ജല സ്രോതസ്സുകള്‍ സംരക്ഷിക്കുക എന്നതു കൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വരള്‍ച്ചയെ ചെറുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തുറന്ന കിണര്‍/ റീചാര്‍ജ്ജ് പിറ്റ്, കുഴല്‍കിണര്‍, അടിയണകള്‍, അനുയോജ്യമായ പ്രദേശങ്ങളില്‍ ചെറിയ തടയണകളുടെ നിര്‍മാണം വഴിയുള്ള ഭൂജല പരിപോഷണം എന്നീ സേവനങ്ങളും ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നുണ്ട്.