ശാസ്ത്രീയമായ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ 98 എണ്ണവും പൂര്‍ത്തിയാക്കി മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമാകുകയാണ് കൊടുങ്ങല്ലൂര്‍ നഗരസഭ.
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, നഗരസഭ ടൗണ്‍ഹാള്‍, ചാപ്പാറ ഗവ. ഐ.ടി.ഐ. ഉള്‍പ്പെടെ ആറ് തുമ്പൂര്‍മുഴി മോഡല്‍ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റുകളാണ് പുതിയതായി പ്രവര്‍ത്തനമാരംഭിച്ചത്. ജൈവ മാലിന്യ സംസ്‌കരണത്തിനായി നിര്‍മാണം പൂര്‍ത്തീകരിച്ച എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.യു. ഷിനിജ നിര്‍വ്വഹിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും ബയോഡൈജസ്റ്റര്‍ പോട്ടുകള്‍, പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് കമ്പോസ്റ്റ് പ്ലാന്റുകള്‍ എന്നിവയില്‍ ഏതെങ്കിലും അനുയോജ്യമായ ഉപാധികള്‍ സ്ഥാപിച്ച് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കണമെന്ന നിയമം നടപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പരിയാരം പഞ്ചായത്തിലെ തുമ്പൂര്‍മുഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച എയറോബിക് മാലിന്യ സംസ്‌കരണ പ്ലാന്റ് ഫലപ്രദമായതോടെയാണ് സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഇതേ മോഡല്‍ പിന്തുടരാന്‍ തീരുമാനമെടുത്തത്.
നിലവില്‍ 7064 ബയോഡൈജസ്റ്റര്‍ പോട്ടുകള്‍, 4100 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍, 1252 ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ വീടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യ സംസ്‌കരണത്തിനായി 2 മെട്രിക് ടണ്‍ ശേഷിയുള്ള ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററും 250 കെ ജി ശേഷിയുളള 22 മിനി എം സി എഫ് സെന്ററുകളും കോട്ടപ്പുറം പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യ സംസ്‌കരണത്തിനായി ഒരു കേന്ദ്രീകൃത സംവിധാനവും നഗരസഭയ്ക്കുണ്ട്. പ്രതിദിനം 2 മെട്രിക് ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന പ്ലാന്റിന്റെ ശേഷി 5 മെട്രിക് ടണ്‍ ആയി വര്‍ധിപ്പിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വളം കൃഷിക്കാര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നു. ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിന്റെയും (ആര്‍ ആര്‍ എഫ്,) 7 മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെയും( എം. സി എഫ്,) നിര്‍മാണം പുരോഗമിച്ചുവരുന്നു.
അജൈവമാലിന്യം ശേഖരിക്കുന്ന പദ്ധതിയില്‍ 66 അംഗങ്ങളുളള ഹരിതകര്‍മ്മസേനയുടെ ഒരു ബാച്ച് പ്രവര്‍ത്തിക്കുന്നു. നിലവില്‍ 70% വീടുകളും 60% വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വൈസ് ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍ സി പോള്‍, വിദ്യാഭ്യാ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല പണിക്കശ്ശേരി, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ കളരിക്കല്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.വി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.