ജില്ലയില്‍ ആദ്യമായി സോളാര്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. പ്രതിസന്ധികളിലും തളരാതെ വനിത സംരംഭകര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ കൂടെയുണ്ട്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സൗരോര്‍ജ്ജമുപയോഗിച്ച് ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് ആറ് കുടുംബശ്രീ വനിതകള്‍. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ സ്വയം തൊഴിലിലൂടെ സ്ത്രീകളുടെ വ്യക്തിത്വവും സാമ്പത്തിക അഭിവൃദ്ധിയും ലക്ഷ്യംവെച്ചാണ് വനിത സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലാണ് ജില്ലയില്‍ ആദ്യമായി സോളാര്‍ ടൈലറിങ്ങ് യൂണിറ്റ് ആരംഭിച്ചത്.

മാടക്കത്തറ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത ആറ് വനിതകള്‍ ചേര്‍ന്നാണ് മിത്ര ഗാര്‍മെന്റ്‌സ് ആക്ടിവിറ്റി ഗ്രൂപ്പ് ലൈറ്റിങ് മേഖലയില്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 16-ാം വാര്‍ഡ് പൊങ്ങണംകാട്ടില്‍ ലീന ഫ്രാന്‍സിസ്‌ന്റെ വീടിന് മുകളിലാണ് മിത്ര ഗാര്‍മെന്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ആറ് കുടുംബശ്രീ വനിതികള്‍ ചേര്‍ന്നാണ് ഇവിടെ തയ്ക്കുന്നത്. തുണി സഞ്ചികള്‍, മസ്‌ക്, സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ആവശ്യമായ കോട്ടുകള്‍, കൂടാതെ എല്ലാതരം തുണിത്തരങ്ങളും ഇവര്‍ തയ്ക്കുന്നുണ്ട്. വൈദ്യുതിയില്ലെങ്കിലും ഇവരുടെ പണി മുടങ്ങില്ലെന്ന് ഇവര്‍ പറയുന്നു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന വകുപ്പ് മൂന്ന് ലക്ഷം രൂപം സംരംഭം ആരംഭിക്കുന്നതിനായി സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്നു. മൂന്ന് കിലോ വാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. ജെസി ഫ്രാന്‍സിസ്, ലളിത ശിവരാമന്‍, ഷീജ പൊറിഞ്ചു, സ്മിത ബാബു, ലത തങ്കപ്പന്‍, റീന തുടങ്ങിയവരാണ് മിത്ര ഗാര്‍മെന്റ്‌സിന്റെ ഭാഗമായിരിക്കുന്നത്. തയ്ക്കുന്ന ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് ഒരു ഔട്ടലെറ്റ് സൗകര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് കാലത്ത് സപ്ലൈകോയ്ക്ക് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി തുണിസഞ്ചികള്‍ ഇവര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.