സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. വൈത്തിരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് കലാജാഥ ഉദ്ഘാടനം ചെയ്തു. വൈത്തിരി പൊഴുതന, വെങ്ങപ്പള്ളി, കല്‍പ്പറ്റ എന്നിവടങ്ങളില്‍ കലാജാഥ പര്യടനം നടത്തി. സര്‍ക്കാരിന്റെ മാതൃകാപരമായ കോവിഡ് അതിജീവനം വിഷയമാക്കിയാണ് രംഗശ്രീ വയനാട് കലാ ജാഥ അണിയിച്ചൊരുക്കിയത്.

പ്രളയം, നിപ്പ അതിജീവനം, ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങള്‍, ഭക്ഷ്യ സുരക്ഷ, ലൈഫ് ഭവന പദ്ധതി, തുടങ്ങിയവയാണ് നൃത്തശില്‍പ്പ സംഗീതാവിഷ്‌കാരത്തിലൂടെ രംഗശ്രീ അവതരിപ്പിച്ചത്. നവകേരളം സംഗീത ശില്‍പ്പവും കരിവള്ളൂര്‍ മുരളി രചനയും റഫീക്ക് മംഗലശ്ശേരി സംവിധാനവും നിര്‍വഹിച്ച കേരള വര്‍ത്തമാനകാല നാടകവും കലാജാഥയില്‍ കോര്‍ത്തിണക്കിയിരുന്നു. കെ.പി. ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സംഗീത നാടകം അവതരിപ്പിക്കുന്നത്. രംഗശ്രീ കലാജാഥ പനമരം, പുല്‍പ്പള്ളി, ഇരുളം, പുതാടി, ബത്തേരി, അമ്പലവയല്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, മാനന്തവാടി എന്നിവടങ്ങള്‍ പര്യടനം നടത്തും.