സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും പുരാതന കാലം മുതൽ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ‘നാഷണൽ വിമെൻ ലെജിസ്ലേറ്റേഴ്സ് കോൺഫറൻസ് കേരള – 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനു കേരളം പുതിയ പാതകൾ രൂപപ്പെടുത്തിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പല മേഖലകളിലും സ്ത്രീകൾ പ്രതിസന്ധികൾ മറികടന്നു മുന്നേറുകയാണ്. സായുധ സേനയിൽ വനിതകളുടെ പങ്കാളിത്തം കൂടി. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം, നിർവഹണം തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണം വർധിക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധികാലത്തു രാഷ്ട്രത്തിനു കാവൽനിന്ന കൊറോണ യാദ്ധാക്കളിൽ പുരുഷൻമാരേക്കൾ കൂടുതൽ സ്ത്രീകളായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കേരളം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലെ വനിതകൾ നിസ്വാർഥ പരിചരണത്തിന്റെ മാതൃക സൃഷ്ടിച്ചതായും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ സ്ത്രീശാക്തീകരണത്തിൽ ഏറെ മുന്നോട്ടുപോകാൻ രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക്് 50 ശതമാനം സംവരണം നൽകി.
രാഷ്ട്രീയ പ്രക്രിയകളിൽ സ്ത്രീകളുടെ മികച്ച പങ്കാളിത്തത്തിലൂടെ മുഴുവൻ സമൂഹത്തിന്റെയും ശാക്തീകരണമാണ് ഉറപ്പാകുന്നത്. രാഷ്ട്രീയത്തിൽ സ്ത്രീകൾ കൂടുതലായി ഇടപെടണം. കൂടുതൽ സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും വേണം. ലിംഗാവബോധത്തിൽ അതിവേഗം പുരോഗതിയുണ്ടാകുന്ന കാലമാണിത്.
‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ പോലുള്ള പദ്ധതികളിലൂടെ ഇതിന് ആക്കംകൂട്ടാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽപ്പോലും എതിർ ചേരിയിൽ പുരുഷൻമാർ മാത്രമുണ്ടായിരുന്നപ്പോൾ ഇന്ത്യയുടെ പക്ഷത്ത് റാണി ലക്ഷ്മിഭായിയെപ്പോലെ നിരവധി ധീര വനിതകളുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യ വരെ മഹാത്മാഗാന്ധി നയിച്ച നിരവധി സത്യഗ്രഹ സമരങ്ങളിൽ സ്ത്രീകളുടെ വ്യാപക പങ്കാളിത്തമുണ്ടായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ള സ്ത്രീകൾ അവരുടെ ഗാർഹിക ഇടങ്ങളിൽനിന്നു പുറത്തുവരികയും പൊതുപ്രക്ഷോഭങ്ങളിൽ വലിയ തോതിൽ പങ്കുചേരുകയും ചെയ്തു. ആ പ്രക്ഷോഭങ്ങളുടെയെല്ലാം ആത്യന്തിക വിജയം സ്ത്രീകളുടെ പങ്കാളിത്തംകൊണ്ടായിരുന്നു.
രാജ്യത്തിന്റെ ഭരണഘടന തയാറാക്കാൻ ഭരണഘടനാ അസംബ്ലി ചേർന്നപ്പോൾ അതിൽ 15 സ്ത്രീകൾ അംഗങ്ങളായിരുന്നു. അതിൽത്തന്നെ മൂന്നു പേർ കേരളത്തിൽനിന്നുള്ളവരായിരുന്നു. ലിംഗവ്യത്യാസമില്ലാതെ എല്ലാ പൗരൻമാർക്കും സാർവത്രിക സമ്മതിദാനാവകാശം നൽകുന്ന അപൂർവ നേട്ടം കൈവരിക്കാൻ തുടക്കത്തിലേ രാജ്യത്തിനു സാധിച്ചു. സ്ത്രീകൾ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക മാത്രമല്ല, മത്സരിക്കുകയും ചെയ്തു. ആദ്യ ലോക്സഭയിലേക്ക് 24 പേർ തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഏറ്റവും പഴക്കമുള്ള ആധുനിക ജനാധിപത്യ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സ്ത്രീകൾക്കു വോട്ടവകാശം നേടിയെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടണിലെ വനിതകളും ഏറെക്കാലം കാത്തിരുന്നു. യൂറോപ്പിൽ സാമ്പത്തികമായി മുന്നേറിയ പല രാജ്യങ്ങളും സ്ത്രീകൾക്കു വോട്ടവകാശം നൽകുന്നതിൽനിന്ന് ഏറെക്കാലം വിട്ടുനിന്നു. എന്നാൽ ഇന്ത്യയിൽ പുരുഷൻമാർ വോട്ട് ചെയ്യുകയും സ്ത്രീകൾക്കു വോട്ട് ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിട്ടില്ല.
രാജ്യത്തിന്റെ ഭരണഘടനാ ശിൽപ്പികൾ പൗരൻമാരെ സ്ത്രീയെന്നോ ജാതിയിലെയോ വർഗങ്ങളിലെ അംഗമെന്നോ വേർതിരിച്ചുകാണാതെ പൗരൻമാരായിത്തന്നെ കണക്കാക്കി. ഇതു പുരാതന കാലംമുതൽതന്നെ രാജ്യം പിന്തുടർന്നിരുന്നു. ദൈവത്തെ പകുതി പുരുഷനും പകുതി സ്ത്രീയുമായുള്ള അർധനാരീശ്വര സങ്കൽപ്പത്തിൽ കാണുന്ന മറ്റൊരു സംസ്‌കാരവുമില്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ. ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 120 വനിതാ പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു(മേയ് 27) വൈകിട്ടു മൂന്നിനു നടക്കുന്ന സമാപന സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർല ഉദ്ഘാടനം ചെയ്യും.