വനിതകളെ ശാരീരികമായും മാനസികമായും സ്മാര്‍ട്ടാക്കാന്‍ വനിതാ ജിംനേഷ്യം ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2021- 22 വര്‍ഷത്തെ വനിതാ സംരംഭക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിംനേഷ്യം യാഥാര്‍ത്ഥ്യമാക്കിയത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള കോംപ്ലക്‌സിലാണ് വനിതകള്‍ക്കായുള്ള ജിംനേഷ്യം. മാറഞ്ചേരി ഗ്രാമപഞ്ചായത് കുടുംബശ്രീ സി.ഡി എസിന് കീഴിലുള്ള വനിതാ ഗ്രൂപ്പിന്റെ മിസ് ആന്റ് മിസ്സിസ് ഫിറ്റ്‌നസ് ക്ലബ് എന്ന പേരിലാണ് ജിംനേഷ്യം പ്രവര്‍ത്തിക്കുക. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്ന് ലക്ഷം രൂപ ചെലവിലാണ് വനിതാ ഹെല്‍ത്ത് ക്ലബ്ബ് ഒരുക്കിയത്.
ആദ്യമായാണ് വനിതകള്‍ക്ക് മാത്രമായി പെരുമ്പടപ്പ് ബ്ലോക്കില്‍ ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങുന്നത്. പുലര്‍ച്ചെ 5.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് ജിംനേഷ്യത്തിന്റെ പ്രവര്‍ത്തന സമയം. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ള വനിതകളെ വാര്‍ത്തെടുക്കുന്നതിനും ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് മുക്തരാക്കുന്നതിനും വനിത ജിംനേഷ്യം വലിയ പങ്ക് വഹിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു പറഞ്ഞു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത് അധ്യക്ഷയായി.