30 വയസിന് മുകളില്‍ പ്രായമുള്ളവരിലെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് ജില്ലയിലെ റാന്നി- പഴവങ്ങാടി, മെഴുവേലി, ഏഴംകുളം, കൂടല്‍, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ ആദ്യഘട്ടത്തില്‍ തുടക്കമാകും.
ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആര്‍ദ്രം മിഷന്‍ രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആര്‍ദ്രം മിഷന്‍ രണ്ടിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സാധാരണക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതില്‍ വലിയ പങ്കാണ് ആര്‍ദ്രം മിഷന്‍ വഹിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.യോഗത്തില്‍ മിഷന്റെ മെച്ചപ്പെട്ട നടത്തിപ്പിനായി കമ്മിറ്റിയും രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്.എം), ജില്ലാ നോഡല്‍ ഓഫീസര്‍ ആര്‍ദ്രം (കണ്‍വീനര്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം, ഹോമിയോ), കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സംസ്ഥാനതല എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ മെമ്പര്‍മാരാണ്.
നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായാണ് ആര്‍ദ്രം 2 മിഷന്‍ നടപ്പാക്കുന്നത്. ജില്ലാതല കാന്‍സര്‍ പരിരക്ഷ പരിപാടി, വാര്‍ഷിക ആരോഗ്യ പരിശോധന, ഏകാരോഗ്യം ക്യാമ്പയിന്‍ ഇവയൊക്കെ ആര്‍ദ്രം രണ്ടിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. ഈ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇതിനോടകം കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും ഒരു ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കും. ഏകാരോഗ്യം ക്യാംപെയിനിലൂടെ മൃഗങ്ങള്‍ വഴി അസുഖം വരാതിരിക്കാന്‍ വേണ്ട രോഗപ്രതിരോധ ഇടപെടലിനൊപ്പം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മിഷന്‍ രൂപം നല്‍കുന്നത്.
ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളില്‍ ഏകാരോഗ്യ പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ കാമ്പയിനുകള്‍ക്ക് തുടക്കമിടും. ജീവിതശൈലി രോഗങ്ങള്‍ക്കെതിരേ ശൈലി എന്ന മൊബൈല്‍ ആപ്പ് വഴി ചോദ്യാവലി തയാറാക്കി ജനകീയ പങ്കാളിത്തത്തോടെ അവബോധം നല്‍കും. കൂടാതെ ലാബ് സേവനങ്ങള്‍ കുറഞ്ഞനിരക്കില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ നല്‍കി അത് ഹബിലേക്ക് വിട്ട് അവിടെ നിന്നും ജനങ്ങള്‍ക്ക് റിസള്‍ട്ട് പോര്‍ട്ടല്‍ വഴി നല്‍കുന്ന സംവിധാനവും നടപ്പാക്കും.