ഒരു കോടി രൂപ മുടക്കി നിര്‍മ്മിച്ച പൈനാവ് ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈനാവ് സ്‌കൂളിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

2020 മാര്‍ച്ചില്‍ പണിയാരംഭിച്ച 3 നില കെട്ടിടം വിദ്യാകിരണം മിഷന്റെ ഭാഗമായാണ് ഉദ്ഘാടന സജ്ജമായിരിക്കുന്നത്. രണ്ടു നിലകളിലായി 6 ഹൈടെക് ക്ലാസ്സ് മുറികള്‍, ടോയ്ലറ്റ് സംവിധാനം, മൂന്നാം നിലയില്‍ ഹൈടെക് ഓഡിറ്റോറിയം എന്നിവ പുതിയ സ്‌കൂള്‍ കെട്ടിടത്തിലുണ്ട്. പുതിയ ക്ലാസ്സ് മുറികളായതോടെ സ്‌കൂളില്‍ 2500 ലധികം പുസ്തകങ്ങളുള്ള പുതുക്കിയ ലൈബ്രറി കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ഗണിത ലാബുകള്‍ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ സ്ഥല സൗകര്യവും ഇതോെട ലഭ്യമായി. ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുതകുന്ന സ്പോര്‍ട്സ് മുറി, കലാ-കായിക പ്രവര്‍ത്തിപരിചയ പരിശീലനത്തിനുള്ള സൗകര്യം, കൗണ്‍സിലിംഗ് മുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ നല്‍കിയ പൂര്‍ണ സജ്ജീകരണങ്ങളുള്ള രണ്ട് സ്മാര്‍ട്ട് ക്ലാസ്സുകള്‍ സ്‌കൂളിനുണ്ട്. കൂടാതെ സ്‌കൂള്‍ കെട്ടിടങ്ങളുടെ മുന്‍ഭാഗം ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇടുക്കി ഡാമിന്റെ നിര്‍മ്മാണമാണ് പൈനാവ് ഗവ. യു.പി. സ്‌കൂളിന്റെ പിറവിക്ക് കാരണമായത്. ഡാമിന്റെ നിര്‍മാണത്തിനെത്തിയ തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകള്‍ അക്കാലത്ത് വാഴത്തോപ്പ് വഞ്ചിക്കവലയിലെ ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരുടെയും പ്രദേശവാസികളെയും കുട്ടികള്‍ക്ക് പഠിക്കുന്നതിനായാണ് 1968 ല്‍ വാഴത്തോപ്പ് വഞ്ചിക്കവലയില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. മൂലമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ഉപകേന്ദ്രമായിട്ടാണ് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. സ്‌കൂളിനോട് ചേര്‍ന്നു മറ്റൊരു സ്വകാര്യ സ്‌കൂളിന്റെ യു.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയതോടെ പൈനാവ് പ്രദേശവാസികളും ഡാം നിര്‍മാണ ജീവനക്കാരും സര്‍ക്കാരിന് ഹര്‍ജി നല്‍കി.

ഇതേ തുടര്‍ന്ന് 1970 ല്‍ യു.പി സ്‌കൂളായി പൈനാവ് പൂര്‍ണിമ ക്ലബ്ബിനോടനുബന്ധിച്ച് മാറ്റി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ക്ലബ്ബിനോട് ചേര്‍ന്ന ഒരു കെട്ടിടത്തില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചു വരുമ്പോള്‍ തന്നെ ഇതേ കെട്ടിടത്തില്‍ നവോദയ വിദ്യാലയവും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നവോദയ വിദ്യാലയം കുളമാവിലേക്ക് മാറ്റിയതോടെ എല്‍.പി. വിഭാഗം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറി. പൈനാവ്, താന്നിക്കണ്ടം, മുക്കണംകുടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും വന്നു ചേര്‍ന്നതോടെ ഓരോ ക്ലാസിലും മൂന്ന് വീതം ഡിവിഷനുകള്‍ ഉണ്ടായി. ഡാം കമ്മീഷന്‍ ചെയ്തു കഴിഞ്ഞിട്ടും തൊഴിലാളികള്‍ യു.പി വിഭാഗത്തിലെ തങ്ങളുടെ കുട്ടികളെ പഠനം തീരുന്നതുവരെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചു. കുടിയേറ്റ കാലഘട്ടത്തില്‍ നിരവധി ആളുകള്‍ കുടുംബസമേതം പൈനാവിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസമാരംഭിച്ചു.

അതിന്റെ ഭാഗമായി മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം, അണ്‍ എയ്ഡഡ് എല്‍.പി സ്‌കൂള്‍ എന്നിവ പൈനാവില്‍ തുടങ്ങി. കെട്ടിടത്തിന്റെ കാലപ്പഴക്കവും പുതിയ വിദ്യാലയങ്ങളുടെ സാമീപ്യവും ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാല്‍ ഒരു ദശാബ്ദക്കാലമായി വിദ്യാലയത്തില്‍ നടന്നുവരുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടായി. 2014-15 അധ്യായന വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ച ജൈവവൈവിധ്യ ഉദ്യാനം പദ്ധതിയില്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പൈനാവ് സംസ്ഥാന തലത്തില്‍ മുന്‍നിരയിലെത്തുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ ചെറുതോണി, വാഴത്തോപ്പ്, മണിയാറന്‍കുടി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.