മില്‍മയും കേരള ഫീഡ്‌സും ഉത്പ്പാദിപ്പിക്കുന്ന കാലിത്തീറ്റയുടെ വില വര്‍ദ്ധിപ്പിക്കില്ലെന്നും ഇത് സംബന്ധിച്ച് ഈ സ്ഥാപനങ്ങളുമായി ധാരണയിലെത്തിയതായും ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കോട്ടയം ഈരയില്‍ക്കടവില്‍ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിന് 87 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരോത്പ്പാദനം ഊർജ്ജിതപ്പെടുത്തുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ പശുക്കളെയും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനുള്ള പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് സംഭരണവിലയ്ക്ക് പുറമെ എല്ലാ മാസവും കൃത്യമായി ഒരു നിശ്ചിത തുക സബ്‌സിഡിയായി അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സംഭരിക്കുന്ന പാൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നതിൻ്റെ ഭാഗമായി പാല്‍പ്പൊടി ഉത്പാദിപ്പിക്കാനുള്ള ഫാക്ടറിയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. പാൽ ഉത്പ്പാദന ചെലവ് കുറയ്ക്കുന്നതിന് തീറ്റപുല്‍കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് . ക്ഷീര മേഖലയിലേക്ക് കൂടുതൽ യുവാക്കളേയും പ്രവാസികളേയും ആകർഷിക്കുന്നതിന് മികച്ച വായ്പ്പാ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇവർക്കായി രണ്ടു കോടി രൂപ വരെ വായ്പ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു

ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷനായി. തോമസ് ചാഴികാടന്‍ എം.പി. ലൈവ് ഹെര്‍ബേറിയം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി കെമിക്കല്‍ ലാബും എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ക്ലാസ് മുറിയും ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ വി. പി. സുരേഷ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മിനി ജോസഫ്, ഇ.ആര്‍.സി.എം.പി.യു. ബോര്‍ഡംഗം ലൈസമ്മ ജോര്‍ജ്ജ്, കൊടുങ്ങൂര്‍ ക്ഷീരസംഘം സെക്രട്ടറി മനോജ്, ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ സി.ആര്‍. ശാരദ, ക്ഷീര വികസന വകുപ്പ് റീജിയണല്‍ ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. സുസ്മിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി സി. കെ. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.