സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി ഹൈടെക്കാവുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 30ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാവും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. ഇതിന് സമാന്തരമായി ഉദ്ഘാടനം നടക്കുന്ന എല്ലാ സ്‌കൂളുകളിലും അതത് എം.എല്‍.എമാര്‍ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കും. എം.പി.മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരും നേരിട്ട് പങ്കെടുക്കും.
കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ച ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം, ജി.എച്ച്.എസ്എസ് പെരുവള്ളൂര്‍, മൂന്ന് കോടി രൂപ അനുവദിച്ച എസ്.എച്ച്.എം.ജി.വി എച്ച്.എസ്.എസ് എടവണ്ണ, ജി.എച്ച്.എസ്.എസ് മൂത്തേടത്ത്, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം, ഒരു കോടി രൂപ വീതം അനുവദിച്ച ജി.എച്ച്.എസ് വെറ്റിലപ്പാറ, ജി.യു.പി.എസ് മൂര്‍ക്കനാട്, ജി.യു.പി.എസ് ചെങ്ങര, ജി.യു.പി.എസ് ചീക്കോട്, ജി.യു.പി.എസ് കോട്ടക്കല്‍ കൂടാതെ ഒന്‍പത് സ്‌കൂളുകള്‍ക്ക് 50 ലക്ഷം രൂപ മുതല്‍ 1.75 കോടി രൂപ വരെ അനുവദിച്ചതിന്റെ ഉദ്ഘാടനവും നടക്കും. നിലമ്പൂര്‍ മണ്ഡലത്തിലെ ചന്തകുന്ന് ഗവ: എല്‍.പി.സ്‌കൂള്‍, പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ചെമ്മാണിയോട് ഗവ: എല്‍.പി.സ്‌കൂള്‍, തിരൂര്‍ മണ്ഡലത്തില്‍ ഐരാണി ഗവ: എല്‍.പി.സ്‌കൂള്‍, കൊണ്ടോട്ടി മണ്ഡലത്തില്‍ മങ്ങാട്ടുമുറി ഗവ.എല്‍.പി.സ്‌കൂള്‍, പൊന്നാനി മണ്ഡലത്തില്‍ വെളിയങ്കോട് ഗവ: ഫിഷറീസ് എല്‍.പി സ്‌കൂള്‍, മലപ്പുറം മണ്ഡലം ഓള്‍ഡ് പൂക്കോട്ടൂര്‍ ഗവ: എല്‍.പി.സ്‌കൂള്‍, മഞ്ചേരി മണ്ഡലത്തിലെ ഒടോമ്പറ്റ ഗവ: എല്‍.പി.സ്‌കൂള്‍, മറവഞ്ചേരി ഗവ.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ എടപ്പറ്റ ഗവ: എല്‍.പി. സ്‌കൂളിലെ ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരിട്ട് നിര്‍വഹിക്കും.
ഇതോടെ കിഫ്ബി വഴി ജില്ലയില്‍ അഞ്ച് കോടി രൂപ അനുവദിച്ച 16 സ്‌കൂളുകളും മൂന്ന് കോടി രൂപ അനുവദിച്ച 28 സ്‌കൂളുകളും ഒരു കോടി രൂപ അനുവദിച്ച അഞ്ച് സ്‌കൂളുകളും പൂര്‍ത്തിയായി. കിഫ്.ബി ഒരു കോടി അനുവദിച്ച ബാക്കിയുള്ള 35 സ്‌കൂളുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാവുമെന്നും മൂന്ന് കോടി രൂപ അനുവദിച്ച 46 സ്‌കൂളുകളുടെ ടെന്‍ഡര്‍ ജൂലായില്‍ നടക്കുമെന്നും വിദ്യാ കിരണം ജില്ലാ കോ-ഓഡിനേറ്റര്‍ എം.മണി അറിയിച്ചു.