തിരുവനന്തപുരം: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നിലൊരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് അംബികയും ഗീതയും എത്തിയിരിക്കുന്നത് പരമ്പരാഗത കൈത്തറി വസ്ത്രങ്ങളുടെ ‘നെയ്ത്തും നൂല്‍പ്പും’ തത്സമയ പ്രദര്‍ശനത്തിനായി.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായാണ് വിനോദ സഞ്ചാര വകുപ്പിന്റെ പവലിയനില്‍ പരമ്പരാഗത തറിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഇവര്‍ കൈത്തറി വസ്ത്രങ്ങള്‍ തത്സമയം നെയ്യുന്നത്.

കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്ത് പരമ്പരാഗത കൈത്തറി തൊഴിലാളികളെ അടുത്തറിയാനും അവരുടെ ജീവിതം കണ്ടറിയാനും വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്നുണ്ട്. പരമ്പരാഗത തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങളെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രാദേശിക ജീവിതത്തിനും ഉന്നമനത്തിനും സാധ്യത വര്‍ധിക്കുകയാണ്. കോളേജ് വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി പേരാണ് തത്സമയ നെയ്ത്ത് കാണാനും മനസ്സിലാക്കാനുമായി എത്തുന്നതെന്ന് ഗീത പറയുന്നു. തറിക്കുപുറമേ താരുചുറ്റുന്ന അരട്, നൂല്‍ നൂല്‍പ്പ് ഉപകരണങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂന്നുമണിക്കൂറോളം എടുത്താണ് ഒരു കൈത്തറി മുണ്ട് പൂര്‍ത്തിയാക്കുന്നത്. ഇവര്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ വില്‍ക്കുന്നതിന് സ്റ്റാളും അടുത്തുതന്നെയുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തിടെ ആരംഭിച്ച കാരവന്‍ ടുറിസത്തിന്റെ വാഹനവും ഈ പവലിയനില്‍ പ്രദര്‍ശനത്തിന് സ്ഥാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുള, ഈറ എന്നിവയില്‍ പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.