തിരുവനന്തപുരം: പതിനെട്ടു വയസ്സു കഴിഞ്ഞ, അഞ്ചാംക്ലാസ്സു ജയിച്ചവര്‍ക്ക് 26 ദിവസംകൊണ്ട് നിര്‍മ്മാണമേഖലയിലെ സ്ഥപനങ്ങളില്‍ ഡെക്കറേറ്റീവ് പെയിന്റര്‍മാരാകാം. അതിനുള്ള പരിശീലനപരിപാടിക്കു തൊഴില്‍വകുപ്പു തുടക്കം കുറിക്കുന്നു. തൊഴില്‍ വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) ആണ് പരിശീലനത്തിന് വേദിയാവുന്നത്. നിര്‍മ്മാണമേഖലയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പെയിന്റര്‍മാര്‍, ഗ്രാമങ്ങളിലും നഗരങ്ങളിലും കൂലിപ്പണിക്കു പോകുന്ന സര്‍ട്ടിഫിക്കറ്റില്ലാത്ത പെയിന്റര്‍മാര്‍, തൊഴിലുറപ്പുജോലി ചെയ്യുന്ന വനിതകള്‍ എന്നിവര്‍ക്കെല്ലാം അപേക്ഷിക്കാം.

ലോകത്തെ മികച്ച പെയിന്റ് നിര്‍മ്മാതാക്കളായ ആക്സോ നോബല്‍ കമ്പനിയുമായി സഹകരിച്ചാണ് ഐ.ഐ.ഐ.സി പരിശീലനപരിപാടി നടപ്പാക്കുന്നത്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ആയ ക്രെഡായ് (credai) ഈ പദ്ധതിയില്‍ ഭാഗഭാക്കാവുന്നു എന്നത് തൊഴില്‍ ഉറപ്പാക്കാനും സഹായകമാണ്.

ആക്സോ നോബല്‍ പ്രതിനിധിയുടെ മേല്‍നോട്ടത്തില്‍ ഐ.ഐ.ഐ.സിയിലെ പെയിന്റിങ് ലാബുകളിലാണ് പ്രായോഗികപരിശീലനം നല്കുന്നത്. ഒരു ബാച്ചില്‍ 25 പേര്‍ക്കാണ് പ്രവേശനം. അവസാന തീയതി ജൂണ്‍ ഏഴ്.  ഫീസ് 7,820 രൂപ. താമസസൗകര്യവും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് 13,900 രൂപയും.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മറ്റു ചിലവുകള്‍ ആക്സോ നോബല്‍ കമ്പനിയുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078980000. വെബ്‌സൈറ്റ്: www.iiic.ac.in.