മുട്ട സുനാമി, കുഞ്ഞിത്തല, ചിക്കന്‍ പൊട്ടിത്തെറിച്ചത് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങള്‍ രുചിക്കാന്‍ കനകക്കുന്നിലേക്ക് ജനപ്രവാഹം. വിവിധ ജില്ലകളുടെ തനത് രുചികളാണ് കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയുടെ ഭാഗമായൊരുക്കിയിരിക്കുന്ന ഫുഡ്കോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം. ചട്ടിപ്പത്തിരി, ഉന്നക്കായ, പഴം നിറച്ചത്, ചിക്കന്‍ മോമോസ്, ഇറച്ചിപ്പത്തിരി, കിളിക്കൂട് തുടങ്ങിയ മലബാര്‍ വിഭവങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തിന്റെ സ്വന്തം പലഹാരങ്ങളുമുണ്ട്. കുഴിമന്തിക്കും കപ്പ ബിരിയാണിക്കും കൊത്തുപൊറോട്ടയ്ക്കും അവശ്യക്കാരേറെ. ‘കഫെ കുടുംബശ്രീയില്‍’ ഏഴ് സ്റ്റാളുകളിലായി വിവിധ തരം പലഹാരങ്ങളും വിളമ്പുന്നുണ്ട്. പായസവും മധുര പലഹാരങ്ങളും രുചിക്കാനും തിരക്കേറെയാണ്.
കെ.ടി.ഡി.സി യുടെ നേതൃത്വത്തില്‍ ദോശ കോര്‍ണറും ഫുഡ് കോര്‍ട്ടില്‍ സജീവം. വ്യത്യസ്ത രുചികളിലുള്ള 31 തരം വെജ്-നോണ്‍ വെജ് ദോശകള്‍ ഇവിടെ ലഭ്യമാണ്. ഉത്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഫുഡ്കോര്‍ട്ടിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാള്‍. ചെമ്മീന്‍ ബിരിയാണി, കണവ, കൊഞ്ച് റോസ്റ്റ്, ഫിഷ് മോളി, ഫിഷ് കട്ലറ്റ്, തലക്കറി തുടങ്ങിയവ തത്സമയം ഉണ്ടാക്കി നല്‍കുന്നു. 20 രൂപ മുതലുള്ള വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്.
കുറഞ്ഞ നിരക്കില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ നല്‍കുന്ന ജയില്‍ വകുപ്പിന്റെ സ്റ്റാളിന് മുന്നിലും വന്‍ തിരക്കാണ്. ചപ്പാത്തിയും, പൊറോട്ടയും ചിക്കനും, കപ്പ – മീന്‍കറിയും ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ ചിപ്സുകളും ഇതിനോടകം ശ്രദ്ധേയമായവയാണ്.കൂടാതെ, കുലുക്കി സര്‍ബത്തുകളുടെ 35 ലധികം ഇനങ്ങളും ഫ്രഷ് ജ്യൂസുകളും വ്യത്യസ്തമായ പാനീയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളില്‍ കൂടി രുചി വൈവിധ്യങ്ങള്‍ നുകരാം.