ജില്ലയിലെ പല പഞ്ചായത്തുകളിലായി അമൃത്, ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെ റിസ്റ്റോറേഷൻ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കാൻ ജില്ലാ സമിതി യോഗം നിർദേശിച്ചു. ചാലക്കുടിയിലെ അടിച്ചിലി റോഡ്, ചേർപ്പ് -തൃപ്രയാർ റോഡ്, കാഞ്ഞാണി -ചാവക്കാട് റോഡ്, ഏഴാറ്റുമുഖം റോഡ്, പൂവത്തിങ്കൾ -വേളൂക്കര റോഡ്, ചാലക്കുടി -മോതിരക്കണ്ണി റോഡ്, ചാലക്കുടി കെ.എസ്.ആർ. ടി.സി റോഡ്, ചാത്തൻ മാസ്റ്റർ റോഡ് എന്നിവയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട പ്രധാന റോഡുകൾ.
കാലവർഷം മുൻനിർത്തി ജില്ലകളിലെ പുഴകളും തോടുകളും കാനകളും
വേഗത്തിൽ നവീകരിക്കാനും മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തീരദേശസംരക്ഷണ പ്രവൃത്തികൾക്ക് 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എറിയാട്, എടവിലങ്ങ്, കടപ്പുറം പഞ്ചായത്തുകളിലായി ജിയോ ബാഗ് ഉപയോഗിച്ച് കടലാക്രമണം ചെറുക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
സ്കൂൾ കെട്ടിടനിർമ്മാണ പ്ര വാർത്തനങ്ങളും രാമൻകുളം, കരുവന്നൂർ എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതിയെക്കുറിച്ചും യോഗം വിലയിരുത്തി. ജില്ലയിൽ ഷിഗെല്ല, തക്കാളിപ്പനി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിനോട് വിശദമായ റിപ്പോർട്ട് തേടി. ഗവ. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളും യോഗം ചർച്ച ചെയ്തു.
എം. എൽ.എമാരായ പി ബാലചന്ദ്രൻ, എൻ കെ അക്ബർ, സനീഷ് കുമാർ ജോസഫ്, ഇ ടി ടൈസൺ മാസ്റ്റർ, മുരളി പെരുന്നെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ഡെപ്യൂട്ടി കലക്ടർമാർ,
ജില്ലാ പ്ലാനിങ് ഓഫീസർ എൻ ശ്രീലത, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.