അങ്കണവാടി കുട്ടികള്‍ക്ക്  ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കുന്ന പദ്ധതി ജൂണ്‍ മാസം മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ, വനിത, ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ വര്‍ഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെയും കുട്ടികള്‍ക്കുള്ള തേന്‍കണം പദ്ധതിയുടേയും സംസ്ഥാന തല ഉദ്ഘാടനം  ഇരവിപേരൂര്‍ ഓതറ പഴയകാവ് അങ്കണവാടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ ശാരീരിക, മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്ക് ശ്രദ്ധക്കൊടുക്കുന്ന അന്തരീക്ഷം അങ്കണവാടികളിലൂടെ സജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് ശുദ്ധമായ തേന്‍ വിതരണം ചെയ്യുന്നതിനായാണ് തേന്‍കണം പദ്ധതി നടപ്പാക്കുന്നത്. ഉടന്‍ തന്നെ മുട്ടയും പാലും കുട്ടികള്‍ക്ക് നല്‍കുന്ന പരിപാടിയും ആരംഭിക്കും. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് ഉതകുന്ന പോഷകാഹാരങ്ങള്‍ കൃത്യമായ അളവില്‍ അങ്കണവാടികളില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക ഇടപെടലുകളും ശീലങ്ങളും മൂല്യങ്ങളും കുട്ടികള്‍ പഠിക്കുന്നതും അവരുടെ വ്യക്തിത്വ വികസനത്തിന് ശക്തമായ അടിത്തറ പാകുന്നതും അങ്കണവാടികളാണ്. ഇതിനായി കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന തരത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള സ്മാര്‍ട്ട് അങ്കണവാടികളായി സംസ്ഥാനത്തെ അങ്കണവാടികളെ മാറ്റും. അടുത്ത സാമ്പത്തികവര്‍ഷത്തോടെ   കെട്ടിടം ഇല്ലാത്ത അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിച്ചു നല്‍കും. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്ക്കരണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. അങ്കണവാടികളിലെ കഥകളും പാട്ടുകളും ജെന്‍ഡര്‍ ഓഡിറ്റ് നടത്തി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. അതിനനുസരിച്ചുള്ള ഉള്ളടക്കം ആയിരിക്കും ഇനി പുസ്തകങ്ങളില്‍ ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് ലോകത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന രീതിയില്‍ വളരുന്നതിനൊപ്പം നല്ല നിമിഷങ്ങളും ലഭിക്കാന്‍ പ്രവേശനോത്സവത്തിലൂടെ സാധിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുട്ടികളുടെ ശാരീരിക ബൗദ്ധിക വികാസനത്തിനായി വനിത ശിശുവികസന വകുപ്പ് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പുമായി ചേര്‍ന്ന് ഒരു കുട്ടിക്ക്  ആറ് തുള്ളി ശുദ്ധമായ തേന്‍ ആഴ്ചയില്‍ രണ്ട് ദിവസം നല്‍കുന്ന തേന്‍കണം പദ്ധതിയുടെ ഉദ്ഘാടനം കുട്ടികള്‍ക്ക് തേന്‍ നല്‍കി മന്ത്രി വീണാ ജോര്‍ജും അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രീ സ്‌കൂള്‍കിറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും നിര്‍വഹിച്ചു.