കൊവിഡ് മൂലം മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്കുള്ള പി എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയില്‍ നിന്നുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എഡിഎം ഷൈജു പി ജേക്കബ് ഇടുക്കിയില്‍ നിന്നുള്ള നാലു കുട്ടികള്‍ക്ക് സഹായം വിതരണം ചെയ്തു. ഈ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നല്‍കും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 4000 രൂപയും നല്‍കും. ഇങ്ങനെ 23 വയസ് എത്തുമ്പോള്‍ ആകെ 10 ലക്ഷം രൂപ ഈ കുട്ടികള്‍ക്ക് ലഭിക്കും.
നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. കഴിഞ്ഞ വര്‍ഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പി എം കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനില്‍പ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യസേവനം എന്നിവയും ലഭ്യമാക്കും.
18 വയസ്സ് തികയുമ്പോള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള പ്രതിമാസ സാമ്പത്തിക സഹായവും 23 വയസ് എത്തുമ്പോള്‍ മൊത്തം പത്തുലക്ഷം രൂപയും ലഭിക്കും. കൂടാതെ സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വായ്പ സഹായവും ലഭിക്കും. വിദ്യാഭ്യാസ വായ്പയുടെ പലിശ പി.എം കെയേഴ്സ് വഹിക്കും. ആയുഷ്മാന്‍ ഭാരത്യോജന പ്രകാരം 23 വയസ് വരെ 5 ലക്ഷം വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സും കുട്ടികള്‍ക്ക് ലഭിക്കും. ഇന്‍ഷുറന്‍സ് പ്രീമിയം പി.എം കെയേഴ്സ് മുഖേന അടയ്ക്കും.
1 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 20,000 രൂപ സ്‌കോളര്‍ഷിപ്പും നൈപുണ്യ പരിശീലനത്തിനുള്ള കര്‍മ്മ സ്‌കോളര്‍ഷിപ്പും സാങ്കേതികവിദ്യാഭ്യാസത്തിനുള്ള സ്വനാഥ് സ്‌കോളര്‍ഷിപ്പും ലഭിക്കും. 50,000 രൂപ എക്സ് ഗ്രേഷ്യ തുകയും ഇവര്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ സ്്കീം ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ശിശു ക്ഷേമ സമിതി (സി.ഡബ്ലയു.സി) ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസര്‍ ഗീത എം. ജി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. അനില്‍ ജെ, ശിശു ക്ഷേമ സമിതി അംഗങ്ങളായ അഡ്വ. കൃഷ്ണകുമാര്‍, അഡ്വ. സിമി സെബാസ്റ്റ്യന്‍, മറ്റ് ഉദ്യോഗസ്ഥരായ ജോമെറ്റ് ജോര്‍ജ്, ഭാമ ജനാര്‍ദ്ദനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.