സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളം കര്‍മ്മ പദ്ധതിയില്‍ വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എല്‍.പി.എസ് വിളമ്പുകണ്ടം. ജി.എല്‍.പി.എസ് പനവല്ലി എന്നീ വിദ്യാലയങ്ങളിലെ പുതിയ ഹൈടെക് കെട്ടിടങ്ങളാണ് പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മികവുറ്റ വിദ്യാലയങ്ങള്‍ കാലത്തിനനുസരത്ത് മുഖം മിനുക്കുന്നതോടെ നവകേരളം സാധ്യമാകും, വിദ്യാലയങ്ങളുടെ പുരോഗതി നാടിന്റെ പുരോഗതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ അധ്യയ വര്‍ഷത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പത്തര ലക്ഷം കുട്ടികളുടെ വര്‍ദ്ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.
തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ധിഖ് ശിലാഫലകം അനാച്ഛാദനം ചെയ്തു. തരിയോട് കോട്ടനാട് ജി.യു.പി.സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു