പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള സ്ഥാപനങ്ങൾക്കുള്ള ധനസഹായം 288 സ്‌കൂളുകൾക്ക് അനുവദിച്ചു. ഇ-ഗവേണൻസിന് 15 കോടി രൂപ അനുവദിച്ചു. ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടിയും ഹയർ സെക്കന്ററി സ്‌കൂളുകളിലെ ലാബ് ഉപകരണങ്ങൽ, ഫർണിച്ചർ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയ്ക്ക് 9 കോടിയും കേരളാ സ്‌കൂൾ കലോത്സവത്തിന് 6.7 കോടിയും ഹയർ സെക്കന്ററി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടിയും മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ, പ്രത്യേക വൈകല്യമുള്ളവരെ ഉൾക്കൊള്ളുന്ന മാതൃകാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് 5 കോടിയും വൊക്കേഷണൽ ഹയർ സെക്കന്ററിയുടെ പ്രവർത്തനങ്ങൾക്ക് 7 കോടിയും കുട്ടികളുടെ കായിക നിലവാരം മെച്ചപ്പെടുത്തുന്നതിന് 5 കോടിയും ഹയർ സെക്കന്ററി വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടിയും ശ്രദ്ധ – സർക്കാർ എയിഡഡ് സ്‌കൂളുകളിൽ 3 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് 1.8 കോടിയും സ്‌കൂൾ വിദ്യാഭ്യാസം – ആധുനികവൽക്കരണത്തിന് 1.2 കോടിയും അധ്യാപക രക്ഷകർത്തൃ സമിതികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾക്കായി (പി.റ്റി.എ.) 90 ലക്ഷവും ഗ്രീൻ ഓഫീസ്, സ്മാർട്ട് ഓഫീസ് – ഓഫീസുകളെ ഹരിതവൽക്കരിക്കൽ – ഉദ്യാനങ്ങൾ മനോഹരമാക്കൽ – മാലിന്യനിർമ്മാർജ്ജനം 50 ലക്ഷവും വായനയുടെ വസന്തം – വായനാശീലം വളർത്തുന്നതിന് 50 ലക്ഷവും അനുവദിച്ചു.
സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിന് 40 ലക്ഷം രൂപയാണ് അനുവദിച്ചത്. ഫോക്കസ് സ്‌കൂൾ പഠനനിലവാരം കുറഞ്ഞ സ്‌കൂളുകളിലെ നിലവാരം മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷവും സ്പെഷ്യൽ സ്‌കൂളിലെ അധ്യാപകരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും രണ്ട് കോടിയും ഹയർ സെക്കന്ററി ഡയറക്ടറേറ്റ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവ നവീകരിക്കുന്നതിന് 1.20 കോടിയും അനുവദിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി ആകെ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.